മലയാളിയായ യുവ വൈദികനെ സ്കോട്ട്ലൻഡിലെ എഡിൻബറോയിൽനിന്നും മൂന്നുദിവസം മുമ്പ് ദുരൂഹസാഹചര്യത്തിൽ കാണാതായി. സിഎംഐ സഭാംഗവും ക്രിസ്റ്റോർഫിൻ ഇടവകയില്‍ സേവനമനുഷ്ഠിക്കുന്നതുമായ ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയുമായ ഫാ. മാർട്ടിൻ സേവ്യർ വാഴച്ചിറ(33)യെയാണ് ചൊവ്വാഴ്ച മുതൽ കാണാതായത്. വൈദികനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നാണ് ആശങ്ക. ബുധനാഴ്ച രാവിലെ ദിവ്യബലിക്കെത്തിയ വിശ്വാസികള്‍ വൈദികനെ കാണാത്തതിനെ തുടര്‍ന്നു പള്ളി മുറി പരിശോധിച്ചപ്പോള്‍ മുറി തുറന്ന്‍ കിടക്കുന്നതായാണ് കണ്ടത്.
വൈദികന്റെ പേഴ്സും, പാസ്പോര്‍ട്ടും മൊബൈലും മറ്റു വസ്തുക്കളും മുറിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നു വിശ്വാസികള്‍ മടങ്ങുകയായിരിന്നു. ഉച്ചയ്ക്ക് വൈദികനെ അന്വേഷിച്ച് ആളുകള്‍ വീണ്ടും പള്ളിമുറിയില്‍ എത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായിരിന്നു. ഈ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തിരിക്കുകയാണ്. വൈദികന്റെ തിരോധാനത്തില്‍ ദുരൂഹത തുടരുകയാണ്.
സിഎം ഐ സഭാംഗമായ ഫാ. മാര്‍ട്ടിന്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇടവകയില്‍ സേവനം ആരംഭിച്ചത്. എഡിന്‍ബറോ ബിഷപ് സി എം ഐ പ്രൊവിന്‍ഷ്യലിനെ വിളിച്ചു മാര്‍ട്ടിന്‍ അച്ചനെ കാണ്മാനില്ല എന്ന് അറിയിക്കുകയായിരുന്നു.
പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ ഫാ. മാർട്ടിൻ ചെത്തിപ്പുഴ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരിക്കെ കഴിഞ്ഞവർഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്കോട്‌ലൻഡിലേക്കു പോയത്. പഠനത്തിനൊപ്പം ഫാർകിക് ഇടവകയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കഴിഞ്ഞ ശനി, തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ നാട്ടിലുള്ള സഹോദരങ്ങൾ ഫാ. മാർട്ടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. ബുധനാഴ്ച മൂത്ത സഹോദരനെ ഫാ. മാർട്ടിൻ വിളിച്ചെങ്കിലും സംസാരിക്കാൻ സാധിച്ചില്ല. പിന്നീട് തിരികെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.
യു കെയില്‍ തുടരെ തുടരെ ഉണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങളുടെയും തട്ടിക്കൊണ്ടു പോകലുകളുടെയും വെളിച്ചത്തില്‍ അച്ചന്റെ തിരോധാനത്തെ ആശങ്കയോടെയാണ് കുടുംബാംഗങ്ങള്‍ നോക്കിക്കാണുന്നത്. പോലീസ് അന്വേഷണം തുടരുകയാണ്. എഡിൻബറോ രൂപതയിലെ ഫാൽകിർക്കിനു സമീപമുള്ള കോർസ്ട്രോഫിൻ ‘സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്’ റോമൻ കാത്തലിക് പള്ളിയിലായിരുന്നു ഫാ. മാർട്ടിന്റെ സേവനവും താമസവും. നിരവധി അരുവികളും കനാലുകളും നിറഞ്ഞ ഈ പ്രദേശം ഏറെക്കുറെ കുട്ടനാടിന് സമാനമായ ഭുപ്രകൃതിയുള്ള സ്ഥലമാണ്. പ്രഭാതസവാരിക്കിടെയിലോ മറ്റോ ഇത്തരത്തിലുള്ള വെള്ളക്കെട്ടിലോ കനാലിലോ അപകടം സംഭവിച്ചതാണോ എന്ന ശക്തമായ സംശയമുണ്ട്. കോർസ്ട്രോഫിൻ മലനിരകളിലൂടെയുള്ള നടത്തം ഫാ. മാർട്ടിൻ ഏറെ ആസ്വദിച്ചിരുന്നതായി കേസ് അന്വേഷിക്കുന്ന പൊലീസ് പറഞ്ഞതായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ബ്രിട്ടനിലെ സിഎംഐ. വൈദികരും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയും എഡിൻബറോ രൂപതയുമായി ചേർന്ന് വൈദികനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഫാ. മാർട്ടിന്റെ സുഹൃത്തും കോതമംഗലം രൂപതയിലെ വൈദികനുമായ ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പള്ളിൽ ഇന്നലെ വൈകിട്ട് എഡിൻബറോയിലെത്തി ഫാ. മാർട്ടിൻ താമസിച്ചിരുന്ന സ്ഥലം സന്ദർശിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുമായും രൂപതാ അധികൃതരുമായും ഫാ. സെബാസ്റ്റ്യൻ സംസാരിച്ചു.