ഇന്ത്യൻ ക്യാപ്റ്റൻ മിഥാലി രാജ് കോഴ വാങ്ങിയെന്ന ഗുരുതര ആരോപണവുമായി ബോളിവുഡ് താരം

mithali raj

വനിതാ ലോകകപ്പിന്‍റെ ഫൈനൽ തോൽക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ മിഥാലി രാജ് കോഴ വാങ്ങിയെന്ന ഗുരുതര ആരോപണവുമായി ബോളിവുഡ് താരം രംഗത്ത്. പ്രമുഖർക്കെതിരേ സോഷ്യൽമീഡിയ വഴി അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ച് ശ്രദ്ധ നേടിയിട്ടുള്ള കമാൽ റാഷിദ് ഖാൻ എന്ന കെ.ആർ.കെയാണ് മിഥാലിക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഫൈനലിൽ മിഥാലി ഒൗട്ടായ രീതി കണ്ടിട്ട് കോഴ വാങ്ങിയെന്ന് സംശയമുണ്ടെന്നായിരുന്നു കെ.ആർ.കെയുടെ പ്രതികരണം. നിർബന്ധപൂർവം മിഥാലി ഒൗട്ടാവുകയായിരുന്നുവെന്നും ഇത് അവിശ്വസനീയമാണെന്നും കെ.ആർ.കെ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഫൈനലിൽ ഒൻപത് റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് തോൽവി ഏറ്റുവാങ്ങിയത്. മിഥാലി ഫൈനലിൽ 31 പന്തിൽ 17 റണ്‍സ് നേടി പുറത്താവുകയായിരുന്നു. 191/4 എന്ന നിലയിൽ കിരീടത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യ അപ്രതീക്ഷിതമായി 219 റണ്‍സിന് ഓൾഒൗട്ടാവുകയായിരുന്നു.