വാഷിംഗ്‌ടൺ :ഇന്ത്യ- അമേരിക്ക യാത്രാ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സ്പൈസ് ജെറ്റിന് അനുമതി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന കരാറിന്റെ അടസ്ഥാനത്തിലാണ് സ്പൈസ് ജെറ്റിന് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചത്. കോവിഡിനെ തുടര്‍ന്ന് മെയ് 22ന് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയശേഷം എയര്‍ ഇന്ത്യ മാത്രമാണ് വന്ദേ ഭാരത് പദ്ധതി പ്രകാരം അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്നത്.
അമേരിക്കയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയാണ് സ്പൈസ് ജെറ്റ്. സര്‍വീസുകള്‍ എന്ന് ആരംഭിക്കുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ‘പ്രതികൂല സാഹചര്യങ്ങളിലും ഒരു അവസരമുണ്ടെന്ന് കമ്പനി എല്ലായ്പ്പോഴും കരുതുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ സ്‌പൈസ് ജെറ്റിന് അവസരത്തിനൊത്ത് ഉയരാനും പ്രധാന പങ്ക് വഹിക്കാനും സാധിക്കും’- സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിങ് പറഞ്ഞു.
കോവിഡിനെ തുടര്‍ന്ന് യാത്രാ നിയന്ത്രണങ്ങള്‍ വന്നതോടെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാന്‍ 400 ല്‍ അധികം ചാര്‍ട്ടര്‍ സര്‍വീസുകള്‍ സ്പൈസ് ജെറ്റ് വന്ദേ ഭാരത് പദ്ധതി പ്രകാരം നടത്തിയിരുന്നു. 4300 ചരക്ക് വിമാനങ്ങള്‍ ക്രമീകരിച്ചിരുന്നതായും അജയ് സിങ് അറിയിച്ചു. 2019 ഏപ്രിലില്‍ ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തനം നിലച്ച ശേഷം അമേരിക്കയിലേക്ക് ഇന്ത്യയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ആദ്യ സ്വകാര്യ എയര്‍ലൈനാകും സ്‌പൈസ് ജെറ്റ്.