മദ്യലഹരിയിൽ നഴ്‌സ് ഡ്യൂട്ടി റൂമില്‍ വെച്ച് അപമര്യാദയായി പെരുമാറി

nurse drunkard

രാത്രി ഡ്യൂട്ടിക്കിടെ മദ്യ ലഹരിയിലായിരുന്ന നഴ്‌സ് രോഗികള്‍ക്ക് മരുന്ന് നല്‍കാതെ ഉറങ്ങി. ഇത് ചോദ്യം ചെയ്യാന്‍ ചെന്ന രോഗികളുടെ ബന്ധുക്കളോട് ഡ്യൂട്ടി റൂമില്‍ വെച്ച് യുവതി അപമര്യാദയായി പെരുമാറി. ഉത്തര്‍പ്രദേശിലെ ഇന്‍ഡോറിലെ പ്രാഥമിക ആശുപത്രിയിലെ നഴ്‌സ് അര്‍ച്ചനയാണ് തന്റെ മോശം പെരുമാറ്റം കൊണ്ട് രോഗികളെ കുഴക്കിയത്. പ്രസവ വേദനയെ തുടര്‍ന്ന് അശുപത്രിയില്‍ പ്രവേശിക്കപ്പെട്ട തന്റെ ഭാര്യക്ക് പത്ത് മണിയ്ക്ക് കൊടുക്കേണ്ട മരുന്ന് സമയം വൈകിയിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിനോദ് നഴ്‌സിനെ അന്വേഷിച്ച് ഡ്യൂട്ടി റൂമില്‍ ചെന്നത്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ തളര്‍ന്ന് കിടന്നുറങ്ങുന്ന അര്‍ച്ചനയേയാണ് കണ്ടത്. ഏറെ നേരം വിനോദ് തട്ടിവിളിച്ചതിന് ശേഷം യുവതി ഉണര്‍ന്നെങ്കിലും ഉറക്കത്തില്‍ നിന്നും ശല്യപ്പെടുത്തിയതിന് വിനോദിനെ അസഭ്യം പറയാന്‍ തുടങ്ങി. നഴ്‌സിന്റെ പെരുമാറ്റത്തില്‍ നിന്ന് തന്നെ യുവതി നല്ല വണ്ണം മദ്യപിച്ചിട്ടുണ്ടെന്ന് യുവാവിന് മനസ്സിലായി. വിനോദ് ഉടന്‍ തന്നെ മാധ്യമങ്ങളെ വിവരമറിയിച്ചു. ആശുപത്രിയില്‍ കുതിച്ചെത്തിയ മാധ്യമങ്ങളുടെ ക്യാമറ കണ്ടപ്പോള്‍ യുവതി ഞെട്ടിത്തരിച്ചു. എന്നാലും പൂര്‍ണ്ണ ബോധവതിയായിരുന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ സംഭവം ജില്ലാ ആരോഗ്യ മേധാവിയുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും രാവിലെ ഡിഎംഒ ആശുപത്രി സന്ദര്‍ശിക്കുമ്പോഴേക്കും യുവതി അവിടെ നിന്നും സ്ഥലം കാലിയാക്കിയിരുന്നു. സംഭവത്തില്‍ ആ സമയം ജോലിയിലുണ്ടായിരുന്ന ഡോക്ടറുടേയും രോഗിയുടെ കുടുബക്കാരുടേയും മൊഴി എടുത്തെന്നും നഴ്‌സ് ഫോണ്‍ എടുക്കാന്‍ പോലും കൂട്ടാക്കത്തത് കാരണം അവരുടെ ഭാഗം കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നും ഡിഎംഒ അറിയിച്ചു. സംഭവത്തില്‍ നഴ്‌സിന്റെ വാദം കൂടി കേട്ടതിന് ശേഷം യുവതിക്കെതിരെ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ നടപടി ഉണ്ടാകും. 2 ആഴ്ച മുന്‍പ് മരുന്ന് നല്‍കാനായി രോഗികളോട് പണം ആവശ്യപ്പെട്ടെന്ന പരാതിയില്‍ പ്രസ്തുത നഴ്‌സിനെതിരെ അന്വേഷണം നടന്നു വരികയാണ്.