മാർപാപ്പ പലപ്പോഴും പരസ്യമായി വിമര്‍ശിച്ചിരുന്നുവെങ്കിലും ആദ്യമായാണ് ഇരുവരും കണ്ടു മുട്ടുന്നത്
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. അരമണിക്കൂര്‍ ഇരുവരും സ്വകാര്യ സംഭാഷണം നടത്തി. മാര്‍പാപ്പയുടെ കൊട്ടാരത്തിലെ സ്വകാര്യ ലൈബ്രറിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സംഭാഷണത്തിനു മുമ്പ് ഗൌരവത്തോടെയുള്ള പാപ്പയെയാണ് കാണാനായത്. ട്രംപിന്‍റെ നയങ്ങളെയും നിലപാടുകളെയും മാർപാപ്പ പലപ്പോഴും പരസ്യമായി വിമര്‍ശിച്ചിരുന്നുവെങ്കിലും ആദ്യമായാണ് ഇരുവരും കണ്ടു മുട്ടുന്നത്. അതേസമയം, വത്തിക്കാനില്‍ എത്താനായത് വലിയ ബഹുമതിയാണെന്ന് ട്രംപ് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം, വധശിക്ഷ തുടങ്ങിയ വിഷയങ്ങളിലും ഇരുവരും അഭിപ്രായഭിന്നത പ്രകടിപ്പിച്ചിരുന്നു. അഭയാര്‍ഥികള്‍ക്കു മുന്നില്‍ മതില്‍കെട്ടുമെന്ന ട്രംപിന്റെ പ്രസ്താവനയെ നിശിതമായി പാപ്പ വിമര്‍ശിച്ചിരുന്നു. സൗദി അറേബ്യ, ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷമാണ് ട്രംപ് വത്തിക്കാനില്‍ എത്തിയത്. ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക എന്നിവരും ട്രംപിനൊപ്പം പാപ്പയെ സന്ദര്‍ശിച്ചു. സിസ്റ്റൈന്‍ ചാപ്പലും സെന്റ് പീറ്റേഴ്സ് ബസിലിക്കയും ട്രംപും കുടുംബവും സന്ദര്‍ശിച്ചു.