ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി അമേരിക്കയിലെത്തി. പോർച്ചുഗലിൽ നിന്ന് വാഷിങ്ടൻ ഡി.സിയിലെ ജോയിന്റ് ബേസ് ആൻഡ്രൂസിലാണ് മോദി വിമാനമിറങ്ങിയത്. ഊഷ്മളമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. മോദി യഥാർഥ സുഹൃത്താണെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണെന്നും നിർണായകമായ വിഷയങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്യുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
26ന് ഇരു രാഷ്ട്ര നേതാക്കളും കൂടിക്കാഴ്ച നടത്തും. ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. യു.എസിൽ ഇന്ത്യക്കാർക്കെതിരായ വംശീയ അതിക്രമവും എച്ച് വൺ–ബി വീസ നിയന്ത്രണവും കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് കരുതുന്നത്. ഇന്നലെ പോർച്ചുഗലുമായി 11 കരാറുകളിൽ ഒപ്പുവച്ചതിനുശേഷമാണ് മോദി യു.എസിൽ എത്തിയത്.