പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഓയിൽ ടാങ്കറിന് തീപിടിച്ച് 123 പേർ മരിച്ചു. 70 പേർക്ക് പരിക്കേറ്റു. ബഹവാല്‍പൂര്‍ സിറ്റിയിലെ അഹമ്മദ്പൂര്‍ ഷര്‍ക്കിയ മേഖലയിലെ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ബഹാവൽപുർ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപുർ നഗരത്തിൽ വെച്ച് ടാങ്കർ, നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് തീപിടിക്കുകയുമായിരുന്നെന്നാണ് സൂചന. വാഹനം മറിഞ്ഞതോടെ ഇന്ധനടാങ്കറിൽ ചോർച്ച സംഭവിക്കുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. വലിയ ശബ്ദത്തോടെ ടാങ്കർ പൊട്ടിത്തെറിച്ചതായും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, മറിഞ്ഞ ടാങ്കറിൽനിന്നും ഇന്ധനം ശേഖരിക്കാനായി ആളുകൾ ഓടിക്കൂടിയതാണ് മരണസംഖ്യ ഉയരാൻ കാരണമെന്നും സൂചനയുണ്ട്. ആളുകൾ കൂടിനിൽക്കുന്ന തിരക്കേറിയ സ്ഥലത്തുവെച്ച് ടാങ്കർ മറിഞ്ഞതും മരണസംഖ്യ കൂടാൻ കാരണമായി.