ജോര്‍ജിയ ഹൈവേ അപകടം 5 കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 6 മരണം

ജോര്‍ജിയ: ഇന്റര്‍ സ്‌റ്റേറ്റ് 95ല്‍ ഞായറാഴ്ച (ഫെബ്രുവരി 23) ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും മൂന്നു കുട്ടികളും പ്രായമായ മറ്റൊരാളും മരിച്ചതായി ലിബര്‍ട്ടി കൗണ്ടി അധികൃതര്‍ അറിയിച്ചു.

ഫ്‌ലോറിഡായില്‍ നിന്നുള്ള 77 വയസ്സുകാരന്‍ ഓടിച്ചിരുന്ന കാര്‍ കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന എസ്‌യുവില്‍ ഇടിച്ചതിനെ തുടര്‍ന്ന് ആറുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെടുകയായിരുന്നു.

എസ്‌യുവിലുണ്ടായിരുന്ന നാഥന്‍ റോബിന്‍സണ്‍ (37), സാറാ റോബിന്‍സണ്‍ (41), മക്കളായ സ്റ്റീഫന്‍ റോബിന്‍സണ്‍ (7), ബൈക്ക റോബിന്‍സണ്‍ (12), അലക്‌സാണ്ടര്‍ റോബിന്‍സണ്‍ (4) എന്നിവര്‍ ഫ്‌ലോറിഡായിലേക്കുള്ള യാത്രയിലാണ് അപകടത്തില്‍പെട്ടത്.

മുതിര്‍ന്ന യാത്രക്കാരന്റെ വാഹനം റോഡില്‍ നിന്നും തെന്നിമാറി എതിര്‍ദിശയിലൂടെ യാത്ര ചെയ്തിരുന്ന എസ്‌യുവിയില്‍ ഇടിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്നു മണിക്കൂറുകളോളം ഹൈവേയില്‍ ഗതാഗതം സ്തംഭിച്ചു. മൃതദേഹങ്ങളും തകര്‍ന്ന വാഹനങ്ങളും നീക്കം ചെയ്തു വാഹനഗതാഗതം പുനരാരംഭിച്ചുവെന്നും ലിബര്‍ട്ടി കൗണ്ടി ഡപ്യൂട്ടി ലഫ്റ്റ് ജെയ്‌സണ്‍ കോല്‍വിന്‍ പറഞ്ഞു.