വെനസ്വേല അധികാര വടംവലിയിൽ ആടിയുലയുന്നു;തകർത്തെറിയുമെന്ന് ട്രംപ്

VenezuelaThe crisis continues

യുദ്ധസമാനമായ സാഹചര്യങ്ങൾ മൂലം വെനസ്വേല പുകയുന്നു. എല്ലാം ഞങ്ങൾ തകർത്തെറിയുമെന്ന് ട്രംപ് ഇപ്പോൾ ഭീഷണി മുഴക്കിയിരിക്കുകാണ്. വെനസ്വേല വിഷയത്തിൽ റഷ്യയും യുഎസുമായുളള കൊമ്പുകോർക്കൽ തുടരുകയാണ്. അഭയാർഥികളുടെ പലായനവും അഭംഗുരം തുടരുന്നു. വെനസ്വേലയിൽനിന്നുള്ള അഭയാർത്ഥി പ്രവാഹം സിറിയ, അഫ്ഗാൻ യുദ്ധംമൂലം പലായനം ചെയ്തവരേക്കാൾ കൂടുമെന്ന് നടുക്കുന്ന റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിൽനിന്നുള്ള അഭയാർത്ഥി പ്രവാഹത്താൽ പ്രശ്‌നസങ്കീർണമായ സാഹചര്യങ്ങളെ നേരിടുന്ന ലോകരാജ്യങ്ങൾക്ക് പുതിയ വെല്ലുവിളിയാകുകയാണ് ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിലെ സംഭവവികാസങ്ങൾ.

അതേസമയം യുഎസ് പ്രസിഡന്റ് ഡോണൾഡ‌് ട്രംപ‌് പറഞ്ഞത് ഇങ്ങനെയാണ് “എല്ലാം നിങ്ങൾക്ക് നഷ്ടപ്പെടും. സുര താവളങ്ങൾ, രക്ഷപ്പെടാനുളള വഴികൾ എല്ലാം ഞങ്ങൾ തകർത്തെറിയും. രക്ഷപ്പെടണമെങ്കിൽ ഒറ്റ വഴി. പ്രസിഡന്റ‌് നിക്കൊളാസ് മഡുറോയ്ക്കു സൈന്യം നൽകുന്ന പിന്തുണ പിൻവലിക്കണം. സോഷ്യലിസ്റ്റ‌് ഏകാധിപതിമാരുടെ കാലം കഴിഞ്ഞെന്നതു മനസിലാക്കണം. സോഷ്യലിസമെന്നത് നശിച്ച‌, വിശ്വാസയോഗ്യമില്ലാത്ത പ്രത്യയശാസ്ത്രമാണ്. പുരോഗതിയുടെ പേരിൽ ചിറകടിച്ചു പറക്കുമെങ്കിലും അവസാനം നശിക്കാനാണ് വിധി.”

‘വെനസ്വേലയിലെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങൾ എത്രയുംവേഗം പരിഹരിച്ചില്ലെങ്കിൽ ഈ വർഷം അവസാനമാകുമ്പോഴേക്കും അഭയാർത്ഥികളുടെ എണ്ണം 5.39- 5.75മില്യണാകും. നിലവിലെ സഹചര്യം തുടർന്നാൽ, 2020 ആകുമ്പോഴേക്കും, വെനസ്വേല അഭയാർത്ഥികളുടെ എണ്ണം 7.5- 8.2മില്യണാകും,’ അഭയാർത്ഥിപ്രവാഹത്തെ കുറിച്ച് പഠിക്കുന്ന ‘ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ്’ (ഒ.എ.എസ്) അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി.2013ൽ വെനിസ്വേലയിൽ ഹ്യൂഗോ ഷാവേസിൽനിന്ന് നിക്കോളാസ് മഡൂറോ ഭരണം ഏറ്റെടുത്തശേഷം രാജ്യത്ത് അക്രമസംഭവങ്ങളും കലാപങ്ങളും അരങ്ങു തകർക്കുകയാണ്. സോഷ്യലിസ്റ്റ് ഭരണകൂടത്തിന് കീഴിൽ, ഭക്ഷണത്തിനും മരുന്നിനും മറ്റ് അവശ്യവസ്തുക്കൾൾക്കും വലിയ ദൗർലഭ്യമാണ് നേരിടുന്നത്. അതേത്തുടർന്ന് ആരംഭിച്ച അഭയാർത്ഥി പ്രവാഹം അതിവേഗം വർദ്ധിക്കുകയായിരുന്നു. ആദ്യ കാലങ്ങളിലെ സിറിയൻ പരദേശികളുടെ അതേ വേഗത്തിലാണ് വെനസ്വേലയിലും അഭയാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നത്. രാജ്യത്ത് ഔദ്യോഗിമായി യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനങ്ങൾ യുദ്ധക്കെടുതി അനുഭവിക്കേണ്ടി വരികയാണ്.

2011ൽ സിറിയയിൽ ആരംഭിച്ച അഭയാർത്ഥി പ്രശ്നങ്ങൾ 2017 ആയപ്പോളാണ് 6.3 മില്യൻ ജനങ്ങളെ ബാധിച്ചത്. അതേസമയം അഫ്ഗാനിസ്ഥാനിൽ 1978ൽ തുടങ്ങിയ യുദ്ധം 11 വർഷങ്ങൾ കൊണ്ടാണ് 6.3 മില്യൻ ജനങ്ങളെ അഭയാർത്ഥികളാക്കിയത്. എന്നാൽ, ഐക്യരാഷ്ട്ര സഭ കഴിഞ്ഞവർഷം പുറത്തുവിട്ട കണക്കുപ്രകാരം 2015 മുതൽ 3.4 മില്യൻ ജനം വെനസ്വേലയിൽനിന്ന് പലായനം ചെയ്‌തെന്നാണ് കണക്കുകൾ. അതായത് രാജ്യത്തിന്റെ 10% പേർ. മനുഷ്യാവകാശ ലംഘനങ്ങൾ, സാമ്പത്തിക തകർച്ച, സാമൂഹിക അധിനിവേശം, അക്രമം, അടിസ്ഥാന സൗകര്യങ്ങളുടെ ലംഘനം എന്നിവയെല്ലാമാണ് പലായനത്തിന്റെ പ്രധാന കാരണങ്ങൾ.കഴിഞ്ഞ ഏഴു വർഷങ്ങളായി യുദ്ധം തുടരുന്ന സിറിയ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ അഭയാർത്ഥികളുള്ള രാജ്യം വെനസ്വേലയാണെന്നും ഒ.എ.എസ്. ജനറൽ സെക്രട്ടറി ലൂയിസ് അൽമാർഗോ പറഞ്ഞു. യുദ്ധത്തെ തുടർന്ന് അഭയാർത്ഥികളായി കൂട്ട പാലായനം ചെയ്യേണ്ടിവരുന്ന അതേ വേഗതയും വ്യാപ്തിയുമാണ് വെനസ്വേലയിലെ അഭയാർത്ഥികളുടേതെന്നും ഒ.എ.എസ് കോർഡിനേറും വെനസ്വേല വംശജനുമായ ഡേവിഡ് സ്മൊളാൻസ്‌കി പറഞ്ഞു. ദിവസവും 5,000 പേർ, മണിക്കൂറിൽ 200 ആളുകളാണ് രാജ്യത്തിന് പുറത്തുകടക്കുന്നത്.

യുഎസിലെ ബുഷ് ഭരണകൂടമാണ് വെനസ്വേലയിലെ വിപ്ലവത്തിനു തടയിടാൻ ആദ്യം ശ്രമിച്ചത്. 2002 ലെ ഈ അട്ടിമറിശ്രമത്തെ കരുത്തനായ ഭരണാധികാരി ഹ്യൂഗോ ഷാവേസ് ജനപിന്തുണയോടെ അതിജീവിച്ചു. തുടർന്ന് വന്ന എല്ലാ യുഎസ് ഭരണകൂടങ്ങളും വെനസ്വേല സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. മുൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്സൻ സൈനിക അട്ടിമറി സാധ്യതപോലും പരിഗണിച്ചു. ഇടതുപക്ഷ സോഷ്യലിസ്റ്റ് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ഇംപീച്ച് ചെയ്യാൻ ദേശീയ അസംബ്ലിയിൽ പലതവണ നീക്കം നടന്നു. മാനുഷിക പ്രതിസന്ധിയുടെ പേരിൽ, സൈനിക ഇടപെടലിനുള്ള സാധ്യതയും തേടി. വിദേശ ഇടപെടൽ ആരും ഇഷ്ടപ്പെടുന്നില്ലെങ്കിലും ജനങ്ങൾക്കിടയിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നു.ജനാധിപത്യത്തിന്റെ അഭയസ്ഥാനമായി അറിയപ്പെട്ട ഒരു സുവർണകാലമുണ്ടായിരുന്നു, വെനസ്വേലയ്ക്ക്. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ഇതിനു മാറ്റം സംഭവിക്കുകയും കപട ജനാധിപത്യം മാത്രം നിലനില്‍ക്കുന്ന ഏകാധിപത്യ രാജ്യമായി മാറുകയും ചെയ്തു. നിലവിൽ അതിഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലാണ് രാജ്യം. മഡുറോ സർക്കാരിനെ പുറത്താക്കാൻ യുഎസ് സൈന്യത്തെ വിന്യസിക്കുമെന്നായിരുന്നു ട്രംപിന്റെ വെല്ലുവിളി. എണ്ണ കയറ്റുമതിയടക്കമുള്ള മേഖലകളിൽ കനത്ത ഉപരോധമാണ‌് യുഎസ് വെനസ്വേലയുടെ തലയിൽ ചുമത്തിയിരിക്കുന്നത്.2018 ഓഗസ്റ്റിൽ കുറഞ്ഞ വേതനം 30,000 ശതമാനം കൂട്ടി നിശ്ചയിച്ചിട്ടും ഒരു കിലോ ഇറച്ചി വാങ്ങാൻ പോലും ആ പണം മതിയാകുന്നില്ലെന്ന് പറയുമ്പോൾ വെനസ്വേല നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാണ്. യുഎസിൽ നിന്നുൾപ്പെടെ ഭക്ഷണവും മരുന്നു വഹിച്ചെത്തുന്ന ട്രക്കുകൾക്കായി കാത്തുനിന്ന ജനക്കൂട്ടത്തിനു നേരെ വെനസ്വേല സൈന്യം നിറയൊഴിച്ചത് കഴിഞ്ഞ ഫെബ്രുവരിയിൽ.ആഭ്യന്തര കലാപങ്ങളിലും പ്രതിഷേധങ്ങളിലും തകർന്നുലഞ്ഞ നാട് ഇന്ന് ജീവശ്വാസത്തിനു വേണ്ടി കേഴുകയാണ്. കൊളളയും കൊളളിവയ്പ്പും വ്യാപകമാകുന്നു. സർക്കാരിന്റെ എല്ലാ തലങ്ങളിലും ക്രിമിനൽ സംഘം പിടിമുറുക്കി കഴിഞ്ഞു. ഷാവേസ് ഭരണത്തിൽ 2010 വരെ വെനസ്വേല വളർച്ചയുടെ പാതയിലായിരുന്നു. എന്നാൽ, ഷാവേസിന്റെ ബൊളിവാരിയന്‍ വിപ്ലവനയങ്ങള്‍ തിരിച്ചടിച്ചു. 2010 അവസാനത്തോടെ രാജ്യം വൻ തിരിച്ചടി നേരിട്ടു.ഷാവേസ് 2013ൽ കാൻസർ മൂലം മരിച്ചതോടെ മഡുറോ പ്രസിഡന്റായി. ഷാവേസിനു ശേഷം ഷാവേസിന്റെ ഏഴയലത്തുപോലും ജനപിന്തുണയില്ലാത്ത മഡുറോ വന്നതോടെ വെനസ്വേലയുടെ പതനം പൂര്‍ണമായി. ബസ് ഡ്രൈവറും തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന ഈ അമ്പത്തിയഞ്ചുകാരൻ ഷാവേസിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു.സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായ വെനസ്വേലയില്‍ മഡുറോയ്ക്ക് പിന്തുണയുമായി സൈന്യം രംഗത്തുണ്ട്. ഗ്വീഡോയ്ക്ക് പിന്തുണയുമായി യുഎസ് രംഗത്തെത്തിയ സാഹചര്യത്തിൽ വെനസ്വേലയ്ക്ക് പിന്തുണയുമായി റഷ്യയെത്തി. ഭരണകൂടത്തെ അട്ടിറിക്കുന്ന നീക്കങ്ങളെ സഹായിക്കും വിധം യുഎസ് ഇടപെടരുതെന്ന് റഷ്യ ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടതോടെ സ്ഥിതിഗതികള്‍ ശീതയുദ്ധത്തിന് സമാനമായ അവസ്ഥയിലാണ്.പ്രതിസന്ധിയിലായ വെനസ്വേലയെ സഹായിക്കുന്ന കാര്യത്തിൽ റഷ്യയും യുഎസുമായുളള കൊമ്പുകോർക്കൽ തുടരുകയാണ്. കൊളംബിയ വഴി യുഎസ് അവശ്യസാധനങ്ങൾ എത്തിച്ചെങ്കിലും വെനസ്വേല സ്വീകരിച്ചില്ല. സഹായത്തിന്റെ മറവിൽ കയ്യേറ്റമാണ് യുഎസ് ലക്ഷ്യമെന്ന് മഡുറോ കുറ്റപ്പെടുത്തുന്നു.