Saturday, April 27, 2024
HomeCrimeകുട്ടികളെ വില്‍ക്കുന്ന സംഘത്തിന്റെ ഫോൺ സംഭാഷണം പുറത്തായി

കുട്ടികളെ വില്‍ക്കുന്ന സംഘത്തിന്റെ ഫോൺ സംഭാഷണം പുറത്തായി

സിനിമ കഥകളെ വെല്ലുന്ന തരത്തിലുള്ള കുട്ടികളെ വില്‍ക്കുന്ന സംഘത്തിന്റെ ഫോൺ സംഭാഷണം പുറത്തായി. തമിഴ്നാട്ടില്‍ നിന്ന് വരുന്ന ഈ വാര്‍ത്ത ആരെയും ഭീതിയിലാഴ്ത്തും. കുട്ടികളെ വില്‍ക്കാന്‍ വലിയ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുവെന്ന വിവരമാണ് പുറത്തുവന്നത്. അതും കുട്ടികളെ വേണ്ടവര്‍ ആവശ്യപ്പെടുന്ന തൂക്കത്തില്‍ വരെ ഇവര്‍ കുട്ടികളെ വില്‍ക്കുന്നു. അതോടൊപ്പം വ്യാജമായി ജനന സര്‍ട്ടിഫിക്കറ്റും നിര്‍മിച്ച്‌ നിയമ സാധുതയും നല്‍കും. ലക്ഷക്കണക്കിന് രൂപയാണ് ഓരോ വില്‍പനയില്‍നിന്നും ഇവര്‍ നേടുന്നത്. ഇതിനായി സര്‍ക്കാര്‍ തലങ്ങളില്‍ വരെ ഇവര്‍ക്ക് ബന്ധങ്ങളുണ്ട്. തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന മാഫിയ സംഘത്തിന്‍റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
സംഘത്തിലെ പ്രധാനിയായ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് സ്വയം വിരമിച്ച നേഴ്‌സും ഇടപാടുകാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്‍റെ ഓഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തായത്. പുതിയ തലമുറൈ എന്ന ചാനലാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. സംഭവം തമിഴ്നാട്ടില്‍ വന്‍ ചര്‍ച്ചയായി. സമൂഹമാധ്യമങ്ങളില്‍ ഇവരുടെ ഫോണ്‍കോള്‍ ഓഡിയോ വ്യാപകമായി പ്രചരിച്ചു. ആരോഗ്യ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു. സ്ത്രീയും അവരുടെ ഭര്‍ത്താവും അറസ്റ്റിലായിട്ടുണ്ടെന്നും സൂചനയുണ്ട്.
നാമക്കല്‍ സ്വദേശിയായ നേഴ്‌സ് ധര്‍മപുരിയിലെ ഒരാളുമായി നടത്തിയ ഞെട്ടിക്കുന്ന ഫോണ്‍കാളാണ് ബുധനാഴ്ച പുറത്തായത്. വളരെ ലാഘവത്തോടെയാണ് ഇവര്‍ പിഞ്ചുകുഞ്ഞുങ്ങളെ കച്ചവടം ചെയ്യുന്ന കാര്യം പറയുന്നത്. ‘വെളുത്ത നിറമുള്ള കുട്ടിവേണോ, കറുത്ത നിറമുള്ള കുട്ടിവേണോ, തൂക്കമെത്ര വേണം, ആണ്‍കുട്ടി വേണോ പെണ്‍കുട്ടി വേണോ’ തുടങ്ങിയ ചോദ്യങ്ങള്‍ സ്ത്രീ ഫോണിലൂടെ ആവശ്യക്കാരനോട് ചോദിക്കുന്നു. വില കൃത്യമായി പറയാതെ സൂചന മാത്രമാണ് നല്‍കുന്നത്.

വിവാഹിതരായി 7 വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലാത്ത ദമ്പതികളാണ് നഴ്സിനെ സമീപിക്കുന്നത്. അഡ്വാന്‍സ് തുകയുമായി നേരിട്ട് വന്ന് കാണാനും കുട്ടിയ്ക്കായി എത്ര രൂപ വരെ മുടക്കുമെന്നും അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളില്‍നിന്ന് സമ്മതപത്രം വാങ്ങിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി ഈ ജോലി ചെയ്യുന്നു. ദൈവാനുഗ്രഹത്താല്‍ ഒരു കുഴപ്പവുമുണ്ടായിട്ടില്ല. കുട്ടിയുടെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റിനായി 70000 രൂപ വേറെ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്. ഫോണ്‍കോളിലൂടെ പുറത്തുവന്ന എല്ലാ കാര്യങ്ങളും അന്വേഷിക്കാനും കുറ്റക്കാരെ പിടികൂടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 30 വര്‍ഷമായി ഈ മാഫിയ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം. ഇവര്‍ക്ക് എങ്ങനെയാണ് കുട്ടികളെ ലഭിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ദരിദ്രരായ മാതാപിതാക്കളെ ചൂഷണം ചെയ്താണ് ഇവര്‍ കുട്ടികളെ വാങ്ങുന്നതും വില്‍ക്കുന്നതും. ചെറിയ വിലയ്ക്ക് കുട്ടികളെ വാങ്ങി ആവശ്യക്കാര്‍ക്ക് വലിയ വിലയ്ക്ക് വില്‍ക്കുന്നതാണ് ഇവരുടെ രീതിയെന്ന് സംശയിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നതായി യുവതിയുട ഫോണ്‍ സംഭാഷണത്തിലൂടെ വ്യക്തമാകുന്നുണ്ട്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച്‌ നല്‍കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് യുവതി പറയുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments