പട്ടാപകല്‍ യുവാവിനെ നടുറോഡില്‍ വെട്ടികൊന്നു;കാഴ്ച്ചക്കാർ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകർത്തി

0
27

യുവാവിനെ കൊലപ്പെടുത്തുന്നതിനെതിരെ ഒരാൾ മാത്രമാണ് പ്രതികരിച്ചത്;കാഴ്ച്ചക്കാർ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകർത്തി

പട്ടാപകല്‍ യുവാവിനെ നടുറോഡില്‍ വെട്ടികൊന്നു. ആന്ധ്രപ്രദേശിലെ കടപ്പയിലാണ് സംഭവം. മാരുതി റെഡ്ഡി(32)ആണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ ചേര്‍ന്ന് വടിവാള്‍ ഉപയോഗിച്ച് യുവാവിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. തിരക്കേറിയ റോഡില്‍ ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് അക്രമികള്‍ യുവാവിനെ കൊലപ്പെടുത്തിയത്. എന്നാല്‍ സംഭവം കണ്ടുനിന്നവരാരും ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. കൊലപ്പെടുത്തുന്നതിനെതിരെ ഒരാൾ മാത്രമാണ് പ്രതികരിച്ചത്. മറ്റുള്ളവർ കാഴ്ചക്കാരായി നിന്നതേയുള്ളൂ. എന്നാൽ കൊലയാളികൾ സ്ഥലത്തുനിന്നു പോയതിനുപിന്നാലെയാണ് ചിലരെങ്കിലും മൃതദേഹത്തിനടുത്തേക്ക് എത്തിയത്. പക്ഷെ, കുറേയാളുകൾ അപ്പോഴും ഫോണിൽ വിഡിയോ പകർത്തുന്നിതിന്റെ തിരക്കിലായിരുന്നു.പലരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സിസി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കോടതിയിലേക്ക് പോകും വഴി പുറകെ വന്ന രണ്ട് പേര്‍ മാരുതി റെഡ്ഡിയെ ആക്രമിക്കുകയായിരുന്നു. ഇവരില്‍ നിന്നും രക്ഷപെടാന്‍ റെഡ്ഡി ഒരു ഓട്ടോറിക്ഷയില്‍ കയറിയെങ്കിലും അക്രമികള്‍ ഇയാളെ ഓട്ടോറിക്ഷയില്‍ നിന്നും വലിച്ച് പുറത്തിട്ടു. തുടര്‍ന്ന് അക്രമികളില്‍ ഒരാള്‍ റെഡ്ഡിയെ പിടിച്ചുനിര്‍ത്തുകയും മറ്റേയാള്‍ വടിവാളുപയോഗിച്ച് വെട്ടുകയുമായിരുന്നു. പതിനൊന്ന് വെട്ടുകളായിരുന്നു റെഡ്ഡിയുടെ ശരീരത്തുണ്ടായിരുന്നത്.

അക്രമികള്‍ സഹോദരങ്ങളാണെന്നാണ് കരുതുന്നത്. ഇവരുടെ ബന്ധുവായ സ്ത്രീയുമായി മാരുതി റെഡ്ഡിക്ക് ബന്ധമുണ്ടായതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.