വിവിധ സംഘപരിവാര്‍ നേതാക്കളുടെ സാമ്പത്തിക വിവരങ്ങള്‍ ആര്‍എസ്എസ് അന്വേഷിക്കുന്നു. നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ബിജെപി അടക്കമുള്ള സംഘടനാ ഭാരവാഹികളുടെ സാമ്പത്തിക വിവരങ്ങള്‍ അന്വേഷിക്കുന്നത്. താഴെത്തട്ടുമുതള്‍ ദേശീയ തലം വരെയുള്ള നേതാക്കളുടെ സാമ്പത്തിക വിവരങ്ങളാണ് ശേഖരിക്കുക.
മെഡിക്കല്‍ കോഴ വിവാദം വന്നതോടെ ബിജെപി നേതാക്കള്‍ക്കെതിരെ സാമ്പത്തിക വിവരശേഖരണം സജീവമാക്കാനാണ് തീരുമാനം. താഴെത്തട്ടിലുള്ള സമിതികളുടെ നേതൃത്വത്തിലാണ് വിവരങ്ങള്‍ ശേഖരിക്കുക. ഈ സമിതിയുടെ പരിധിയില്‍ വരുന്ന വിവിധ പരിവാര്‍ സംഘടനാ ഭാരവാഹികളുടെ സാമ്പത്തിക സ്രോതസ്സ്, വരുമാനം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും.
വല്‍സന്‍ തില്ലങ്കേരി, പിആര്‍ ശശിധരന്‍ എന്നവര്‍ക്കാണ് സാമ്പത്തിക വിവരങ്ങള്‍ അന്വേഷിക്കുന്നതിന്റെ ചുമതല. ബിജെപി, ആര്‍എസ്എസ്, തൊഴിലാളി സംഘടനയായ ബിഎംഎസ് തുടങ്ങിയ മുഴുവന്‍ പരിവാര്‍ സംഘടനാ ഭാരവാഹികളുടെയും വിവരങ്ങള്‍ ശേഖരിക്കും. ഇതിനായി പ്രാദേശിക സമിതികള്‍ ഓരോ സ്ഥലത്തുമുള്ള വിവിധ സംഘടനാ ഭാരവാഹികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.