ഐടി നഗരമായ കഴക്കൂട്ടത്ത് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. കഴക്കൂട്ടത്തിന് സമീപം അമ്പലത്തിന്‍കരയില്‍ ആളൊഴിഞ്ഞ സ്ഥലത്തെ എസ്ബിഐയുടെ എടിഎം കൗണ്ടറില്‍ നിന്നാണ് 10,18,500 രൂപ കവര്‍ന്നത്.
ക്യാമറകളുടെ നിരീക്ഷണത്തിലുള്ള ഐടി നഗരത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ 1.22 വരെ എടിഎമ്മില്‍ നിന്ന് പണം ഇടപാട് നടത്തിയിട്ടുണ്ട്. പുലര്‍ച്ചെ 2.10ന് പോലീസ് ബീറ്റ് ഒപ്പിട്ടിട്ടുമുണ്ട്. എന്നാല്‍, ഇതിന് മുമ്പേയാണോ കവര്‍ച്ച നടന്നത് എന്നും അന്വേഷിച്ച് വരുന്നു.
വെള്ളിയാഴ്ച രാത്രി ഏഴിന് എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ കവടിയാറുള്ള ഏജന്‍സിയിലെ ടെക്‌നീഷ്യന്‍ എത്തിയപ്പോഴാണ് കവര്‍ച്ചാ വിവരം പുറത്തറിഞ്ഞത്. ഉടന്‍ കഴക്കൂട്ടം പോലീസിനെ വിവരമറിയിച്ചു. കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ് കുമാര്‍, കഴക്കൂട്ടം സിഐ അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി എസ്ബിഐ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 10,18,500 രൂപ നഷ്ടമായതായി കണ്ടെത്തിയത്. എടിഎമ്മില്‍ ഒമ്പതു ലക്ഷം രൂപ ഉണ്ടായിരുന്നപ്പോഴാണ് അഞ്ചു ലക്ഷം രൂപ കൂടി ലോഡ് ചെയ്തതെന്ന് ഏജന്‍സി അറിയിച്ചു. എടിഎം കൗണ്ടറിലെ ക്യാമറ പ്രവര്‍ത്തനരഹിതമാണ്. യന്ത്രത്തിലുള്ള കാമറ പരിശോധിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു.