ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം തര്‍ക്കങ്ങള്‍ക്ക് ഇടമില്ലാത്തവിധം ദൃഢമാണെന്നും ലോകസുരക്ഷാ കാര്യങ്ങളിലുള്ള താല്‍പര്യങ്ങള്‍ പരസ്‌പരപൂരകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. യു.എസ്. സന്ദര്‍ശനത്തിനിടെ വാള്‍ സ്‌ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണു പരാമര്‍ശം.
ഭരണസിരാകേന്ദ്രങ്ങളില്‍ ഒതുങ്ങിനില്‍ക്കാത്തവിധം ആഴവും പരപ്പും ശക്‌തിയുമുള്ള സഹവര്‍ത്തിത്വമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ലോകത്തെ ഭീകരതയില്‍നിന്നും മൗലികവാദ ആശയങ്ങളില്‍നിന്നും പാരമ്പര്യതര ഭീഷണികളില്‍നിന്നും സംരക്ഷിക്കുന്ന കാര്യത്തില്‍ ഇരുവരും പ്രതിജ്‌ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ചഞ്ചലമായ സാമ്പത്തിക സാഹചര്യങ്ങളില്‍ വളര്‍ച്ചയ്‌ക്കും ആവിഷ്‌കാരത്തിലും തോളോടുതോളാണു പ്രവര്‍ത്തനമെന്നും യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു മുന്നോടിയായി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
മടിച്ചുനില്‍ക്കലിന്റെ ചരിത്രത്തെ പിന്നിലാക്കി പരസ്‌പരം കൈകോര്‍ക്കാന്‍ സാഹചര്യമൊരുക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ നടത്തിയ സന്ദര്‍ശനത്തിനും യു.എസ്. കോണ്‍ഗ്രസിലെ പ്രസംഗത്തിനും കഴിഞ്ഞു. യോജിപ്പിനെ പുതിയ തലങ്ങളിലേക്കു കൊണ്ടുപോകാമെന്ന ആത്മവിശ്വാസത്തോടു കൂടിയാണ് ഇപ്പോഴത്തെ സന്ദര്‍ശനം. ഇന്ത്യയും അമേരിക്കയും കൈകോര്‍ത്ത സന്ദര്‍ഭങ്ങളിലെല്ലാം ലോകത്തിനു നേട്ടമുണ്ടായിട്ടുണ്ട്. പ്രതിരോധ മരുന്ന് വികസനത്തിലും സൈബര്‍ സുരക്ഷാ രംഗത്തും ദുരന്തദുരിതാശ്വാസ മേഖലയിലുമെല്ലാം അതു പ്രതിഫലിച്ചു.
രണ്ടു പതിറ്റാണ്ടോളമായി ഭീകരവാദവുമായി പോരാടുന്ന ഇന്ത്യ ഈ വിപത്തിനെതിരായ യു.എസ്. ഭരണകൂടത്തിന്റെ നിശ്‌ചയദാര്‍ഢ്യം പങ്കിടുന്നു. 1,15,000 കോടി ഡോളറിന്റെ പ്രതിവര്‍ഷ വ്യാപാരബന്ധം വന്‍ കുതിപ്പിനു തയാറെടുക്കുകയാണ്. 30 ലക്ഷത്തോളം വരുന്ന ഇന്ത്യാ-യു.എസ്. സമൂഹം വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്‌പര ബന്ധത്തിനു മികച്ച സംഭാവനകളാണു നല്‍കുന്നതെന്നും പ്രധാനമന്ത്രി മോഡി ചൂണ്ടിക്കാട്ടി.