ശബരിമലയിലെ പുതിയ സ്വർണക്കൊടിമരത്തിൽ മെർക്കുറി ഒഴിച്ച പ്രതികളെ പമ്പകടക്കും മുൻപ് പിടികൂടാൻ കഴിഞ്ഞത് ദേവസ്വം വിജിലൻസും ഗാർഡുകളും ഉണർന്നു പ്രവർത്തിച്ചതുകൊണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ദേവസ്വം വിജിലൻസ് എസ്ഐ ആർ.പ്രശാന്ത് സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
വെള്ള ഷർട്ടും മുണ്ടും ഉടുത്ത രണ്ടു പേരും പിങ്ക് ഷർട്ടും മുണ്ടും ഉടുത്ത ഒരാളും നടന്നുവന്ന് എന്തോ കൊടിമരത്തിലേക്ക് വലിച്ചെറിയുന്നത് ദൃശ്യങ്ങളിൽ കണ്ടെത്തി. അതിൽ പ്രായമായ ആളിന്റെ കയ്യിൽ വെള്ളപ്പാണ്ട് ഉള്ളതായും ശ്രദ്ധയിൽപ്പെട്ടു. ഈ ദൃശ്യം സന്നിധാനത്തിലെ ദേവസ്വം ഗാർഡ് സനത് മൊബൈലിൽ പകർത്തി പമ്പയിലെ ഗാർഡുമാരുടെ വാട്സാപ്പിൽ നൽകി. മലയിറങ്ങി പമ്പയിലേക്കു വരുന്ന അയ്യപ്പന്മാരിൽ കയ്യിൽ വെള്ളപ്പാണ്ടുള്ളതും തലമുടി നരച്ചവരുമായവരെ തടഞ്ഞു നിർത്തണമെന്ന നിർദേശവും നൽകി.
ഉടൻ തന്നെ പമ്പയിലെ ഗാർഡുമാരായ എ.ബിജു, സി.രാജേഷ്കുമാർ, ജി.അരവിന്ദ് എന്നിവർ വിവിധ ഭാഗങ്ങളിലായി തിരച്ചിൽ നടത്തി. സന്നിധാനത്തെ ജോലി കഴിഞ്ഞ് പമ്പയിലെത്തിയ മരാമത്ത് വകുപ്പിലെ ജീവനക്കാരും ചിലയിടങ്ങളിൽ നിന്നു പരിശോധിച്ചു. ദേവസ്വം ഗാർഡുകൾ തിരഞ്ഞ് പമ്പാമണൽപ്പുറത്തെ നടപ്പന്തലിൽ എത്തിയപ്പോൾ അഞ്ചു പേർ സംസാരിച്ചു നിൽക്കുന്നതിൽ കൈലി ഉടുത്ത് ടി ഷർട്ട് ധരിച്ച ആളിന്റെ കയ്യിൽ വെള്ളപ്പാണ്ട് ഉള്ളതായി കണ്ടു.
മറ്റുള്ളവരിൽ മൂന്നു പേർ പാന്റ്സും ഒരാൾ ബർമുഡയുമാണ് ധരിച്ചിരുന്നത്. സിസിടിവിയിൽ കണ്ട വേഷമല്ലെങ്കിലും കയ്യിൽ വെള്ളപ്പാണ്ടുള്ളതിനാൽ നിരീക്ഷിച്ച് പിന്നാലെ കൂടി. ഇവരറിയാതെ ഗാർഡുമാർ പടമെടുത്ത് വാട്സാപ്പിൽ സന്നിധാനത്തെ സനത്തിന്റെ മൊബൈലിലേക്ക് അയച്ചു. ചിത്രം കണ്ട് ഇവർ തന്നെയാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്ന് അവിടെ നിന്ന് സ്ഥിരീകരിച്ചു. തുടർന്ന് ത്രിവേണി ചെറിയ പാലത്തിന് അടുത്തെത്തിയപ്പോൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു.
ആന്ധ്രയിലെ വിജയവാഡയിൽ നിന്നു വരുന്നവരാണെന്നും വൈകിട്ടത്തെ ട്രെയിനിനു പോകണമെന്നും പറഞ്ഞ് അവർ മുന്നോട്ടു നടന്നു. പിന്നാലെ ഗാർഡുമാരും. പെട്രോൾ പമ്പിനു മുന്നിലെ കടയിൽ രണ്ട് പേർ ചായകുടിക്കാൻ കയറി. റോഡിൽ നിന്ന മൂന്നു പേർ ചെങ്ങന്നൂർ ബസ് വന്നപ്പോൾ അതിൽ കയറി. പിന്നാലെ കടയിൽ നിന്നവരും കയറാനെത്തി. ഗാർഡുകൾ പിന്നാലെ കയറി അവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.
തുടർന്ന് വനിതാ കണ്ടക്ടറോടു പറഞ്ഞ് അവരെ ബസിൽ നിന്ന് ഇറക്കി. ഇവർ ബഹളം വച്ചപ്പോൾ പമ്പ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സംഭവം അറിയാതെ പൊലീസ് ഇവരെ കയ്യേൽക്കാൻ ആദ്യം മടിച്ചു. സന്നിധാനത്ത് നിന്ന് അപ്പോഴേക്കും സന്ദേശം കിട്ടിയതിനാൽ പൊലീസ് പിന്നീട് ഇവരെ കസ്റ്റഡിയിൽ എടുത്തു. പ്രതികളെ പിടികൂടിയ ദേവസ്വം ഗാർഡുമാരെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗം അജയ് തറയിൽ, സ്പെഷൽ കമ്മിഷണർ എം.മനോജ് എന്നിവർ അനുമോദിച്ചു.