വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 105 റൺസ് വിജയം

rahane odi

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 105 റൺസ് വിജയം. ചാംപ്യൻസ് ട്രോഫിയിൽ കരയ്ക്കിരുത്തിയതിന് അജിങ്ക്യ രഹാനെ മറുപടി പറഞ്ഞു; ബാറ്റുകൊണ്ട്! 104 പന്തിൽ 103 റൺസ്; 10 ഫോറും രണ്ടു സിക്സറും; ആദ്യ വിക്കറ്റിൽ ശിഖർ ധവാനൊപ്പം 114 റൺസ് കൂട്ടുകെട്ട്. രഹാനെ കൊളുത്തിക്കൊടുത്ത വെടിക്കെട്ടിന്റെ തിരിയിൽ ധവാനും (63) ക്യാപ്റ്റൻ കോഹ്‌ലിയും (87) പൂരം തീർത്തു.

മഴമൂലം രണ്ടുമണിക്കൂ‍ർ വൈകിത്തുടങ്ങിയ കളി 43 ഓവറാക്കി ചുരുക്കിയിരുന്നു. പക്ഷേ, ചെറുത്തുനിൽപിനു പോലും വയ്യാതെ വിൻഡീസ് ബാറ്റും ബോളും വച്ചു കീഴടങ്ങി. അഞ്ചു മൽസരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിൽ. ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയത്തിന്റെ 34–ാം വാർഷിക ദിനത്തിലായിരുന്നു ഈ വിജയം. 1983ന് ജൂൺ 25ന് ലോകകപ്പ് ഫൈനലിൽ, കപിൽദേവ് നയിച്ച ഇന്ത്യ കീഴടക്കിയതും വെസ്റ്റ് ഇൻഡീസിനെയായിരുന്നു.

സ്കോർ: ഇന്ത്യ – 43 ഓവറിൽ അഞ്ചിന് 310, വിൻഡീസ് – 43 ഓവറിൽ ആറിന് 205.

മഴമൂലം ഉപേക്ഷിച്ച ആദ്യ കളിയിൽ 67 റൺസുമായി തിളങ്ങിയ അജിങ്ക്യ രഹാനെ തന്നെയായിരുന്നു കഴിഞ്ഞ കളിയിലും താരം. ചാംപ്യൻസ് ട്രോഫിയിൽ എനിക്ക് അവസരം കിട്ടിയില്ല. ഇവിടെ ബാറ്റിങ്ങിനു ഞാൻ കൊതിച്ചുനിൽക്കുകയായിരുന്നു. ധവാനൊപ്പം മനപ്പൊരുത്തത്തോടെ ബാറ്റ് ചെയ്യാനും പറ്റി – മൽസരശേഷം രഹാനെ പറഞ്ഞു. ‘ജിംക്സ് (രഹാനെ) തന്റെ ആത്മവിശ്വാസം കൂടിയാണു പ്രകടിപ്പിച്ചത്. ധവാനൊപ്പം ഓപ്പണിങ് വിക്കറ്റിൽ അജിങ്ക്യയുടെ പ്രകടനം മാസ്മരികമായിരുന്നു.’ – കോഹ്‌ലി പറഞ്ഞു.

ചാംപ്യൻസ് ട്രോഫി ഫൈനലിൽ മൂർച്ച നഷ്ടപ്പെട്ടെന്നു പഴികേട്ട ഇന്ത്യൻ ബോളർമാരും ഫോമിലേക്കുയർന്നു. വിൻഡീസ് മുൻനിരയിലെ കീറോൺ പവലിനെയും ജോസൺ മുഹമ്മദിനെയും പൂജ്യത്തിനു പുറത്താക്കി ഭുവനേശ്വർ കുമാർ നൽകിയ മികച്ച തുടക്കം മുതലാക്കിയത് ചൈനാമാൻ കുൽദീപ് യാദവാണ്. 50 റൺസ് വഴങ്ങി മൂന്നുവിക്കറ്റു നേടി യാദവ് ബോളർമാരിൽ താരമായി. കുൽദീപിന്റെ കരിയറിലെ ആദ്യ ഏകദിന വിക്കറ്റും ഈ കളിയിലാണ്.

ക്വീൻസ് പാർക്ക് ഓവലിൽ സമ്മർദങ്ങളേതുമില്ലാതെയാണ് ഇന്ത്യ തുടങ്ങിയത്. ധവാൻ പുറത്തായിക്കഴിഞ്ഞെത്തിയ കോഹ്‌ലിക്കൊപ്പവും രഹാനെ സ്കോറുയർത്തി. അവാസന ഓവറുകളിൽ യുവരാജും ധോണിയും കേദാർ ജാദവും തകർത്തടിക്കുക കൂടി ചെയ്തതോടെ 43 ഓവറിൽ നേടാവുന്ന മികച്ച സ്കോറിലെത്താൻ ഇന്ത്യയ്ക്കു കഴി‍ഞ്ഞു.
എന്നാൽ, ഭുവനേശ്വർ കുമാർ തുടക്കത്തിലേ നേടിയ രണ്ടുവിക്കറ്റുകൾ വിൻഡീസിന്റെ ആത്മവിശ്വാസം കൂടിയാണു പിഴുതെടുത്തത്. ഓപ്പണർ ഷായ് ഹോപ് മാത്രമാണ് വിൻഡീസ് നിരയിൽ പിടിച്ചുനിന്നത്. 88 പന്തിൽ 81 റൺസ് നേടിയ ഹോപിനു പ്രതീക്ഷ നൽകാൻ കൂട്ടത്തിലാരുമുണ്ടായില്ലെന്നു മാത്രം. മൂന്നാം ഏകദിനം വെള്ളിയാഴ്ച ആന്റിഗ്വയിൽ നടക്കും.

സ്കോർബോർഡ്

∙ ഇന്ത്യ

രഹാനെ ബി കുമ്മിൻസ്–103, ധവാൻ സ്റ്റംപ്ഡ് ഹോപ് ബി നഴ്സ് – 63, കോഹ്‌ലി സി നഴ്സ് ബി ജോസഫ്–87, പാണ്ഡ്യ സി കമ്മിൻസ് ബി ജോസഫ് – നാല്, യുവരാജ് സി ഹോപ് ബി ഹോൾഡർ–14, ധോണി നോട്ടൗട്ട്–13, ജാദവ് നോട്ടൗട്ട് – 13. എക്സ്ട്രാസ്–13, ആകെ 43 ഓവറിൽ അഞ്ചിന് 310.

വിക്കറ്റ് വീഴ്ച: 1/114 2/211 3/223 4/254 5/285

ബോളിങ്: ജോസഫ്: 8-0-73-2, ഹോൾഡർ: 8.5-0-76- 1, നഴ്സ്: 9-0-38-1, ബിഷൂ: 9-0-60-0, കമ്മിൻസ്: 8-0-57-1, കാർട്ടർ: 0.1-0-2-0.

∙ വെസ്റ്റ് ഇൻഡീസ്

പവർ സി ധോണി ബി കുമാർ – പൂജ്യം, ഹോപ് എൽബിഡബ്ല്യു ബി കുൽദീപ് – 81, ജാസൺ മുഹമ്മദ് സി പാണ്ഡ്യ ബി കുമാർ– പൂജ്യം, എവിൻ ലൂയിസ് സ്റ്റംപ്ഡ് ധോണി ബി കുൽദീപ്–21, കാർട്ടർ എൽബിഡബ്ല്യു ബി അശ്വിൻ – 13, ഹോൾഡർ സ്റ്റംപ്ഡ് ധോണി ബി കുൽദീപ്–29, ചേസ് നോട്ടൗട്ട്–33, നഴ്സ് നോട്ടൗട്ട് 19, എക്സ്ട്രാസ്–ഒൻപത്. ആകെ 43 ഓവറിൽ ആറിന് 205.

വിക്കറ്റ് വീഴ്ച: 1/0 2/4 3/93 4/112 5/132 6/174

ബോളിങ്: ഭുവനേശ്വർ കുമാർ: 5-1-9-2, ഉമേഷ് യാദവ്: 6-0-36-0, പാണ്ഡ്യ: 9-0-32-0, അശ്വിൻ: 9-0-47-1, കുൽദീപ് യാദവ്: 9-0-50-3, യുവരാജ്: 5-0-25-0.