തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ ചെക്ക് കേസില്‍ ഒത്തുതീര്‍പ്പ് നീളുന്നു. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍ക്കണമെങ്കില്‍ തനിക്ക് ആറ് കോടി രൂപ നല്‍കണമെന്നാണ് നാസില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മൂന്ന് കോടി രൂപ നല്‍കാമെന്ന് തുഷാര്‍ ഇന്ന് അറിയിക്കുകയായിരുന്നു.90 ലക്ഷം യുഎഇ ദിര്‍ഹം (17 കോടിയിലധികം ഇന്ത്യന്‍ രൂപ) തുക രേഖപ്പെടുത്തിയ ചെക്കാണ് കേസിനായി നാസില്‍ അബ്‍ദുല്ല കോടതിയില്‍ ഹാജരാക്കിയത്. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കണമെങ്കില്‍ ആറ് കോടി രൂപയാണ് നാസില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു കോടി രൂപ നല്‍കാമെന്നായിരുന്നു തുഷാറിന്റെ നിലപാട്. ഇത് അംഗീകരിക്കാന്‍ നാസില്‍ തയ്യാറായില്ല.
കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്റെ മദ്ധ്യസ്ഥതയില്‍ നടത്തിയ ഒത്തുതീര്‍പ്പ് ശ്രമവും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് മൂന്നുകോടി രൂപ നല്‍കാമെന്ന് ഇന്ന് തുഷാര്‍ അറിയിച്ചെങ്കിലും നാസില്‍ അബ്‍ദുല്ല തന്റെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കേസുമായി മുന്നോട്ട് പോയാല്‍ തനിക്ക് വിജയിക്കാന്‍ കഴിയുമെന്ന നിയമോപദേശമാണ് നാസിലിന് ലഭിച്ചിരിക്കുന്നത്.
ഒത്തു തീര്‍പ്പിനുള്ള സാധ്യതകള്‍ വഴിമുട്ടിയതോടെ തുഷാര്‍ വെള്ളാപള്ളി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. യുഎഇ പൗരന്റെ പാസ്‍പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടാനാണ് തുഷാറിന്റെ ശ്രമം. ഇതിനായി തുഷാര്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
കേസിന്റെ തുടര്‍ നടത്തിപ്പുകള്‍ക്ക് സുഹൃത്തായ യുഎഇ പൗരന്റെ പേരില്‍ തുഷാര്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിക്കഴിഞ്ഞു. ഇതും ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. സ്വദേശിയുടെ പാസ്‍പോര്‍ട്ട് സമര്‍പ്പിച്ചാല്‍, ഇപ്പോള്‍ കോടതി പിടിച്ചു വെച്ചിരിക്കുന്ന തുഷാറിന്റെ പാസ്‍പോര്‍ട്ട് കോടതി വിട്ടുകൊടുക്കും.ആള്‍ ജാമ്യത്തിനൊപ്പം യാത്രാ വിലക്ക് നീക്കാന്‍ കൂടുതല്‍ ജാമ്യത്തുകയും കോടതിയില്‍ കെട്ടി വെയ്‌ക്കേണ്ടി വരും. നേരത്തെ കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായപ്പോള്‍ ജാമ്യത്തുക നല്‍കി അദ്ദേഹത്തെ പുറത്തിറക്കിയത് പ്രവാസി വ്യവസായി എം.എ യൂസഫലിയായിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹം സഹായിക്കില്ല. കൂടുതല്‍ പണം നല്‍കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.