ഒബാമ വൈറ്റ് ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നു; ട്രംപ്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണങ്ങളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഒബാമക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ട്രംപ് തനിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്നിലും ഒബാമയാണെന്ന് പറഞ്ഞു. ഫോക്‌സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഒബാമക്കെതിരെ വിമര്‍ശനവുമായെത്തിയത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരായി നടക്കുന്ന ടൗണ്‍ഹാള്‍ റാലികള്‍ക്ക് ഉത്തരവാദി ഒബാമയാണ്. വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ഇക്കാര്യം വളരെ ഗൗരവത്തോടെ എടുക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ഏഴു രാഷ്ട്രങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്കിന് ഇപ്പോഴും അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. നേരത്തെ വൈറ്റ് ഹൗസിലേക്കുള്ള മാധ്യമങ്ങളുടെ വിലക്കും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഒബാമക്കെതിരേയും വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തുന്നത്.