Friday, April 26, 2024
HomeNationalഇന്ത്യ-ചൈനാ ബന്ധം സുശക്തമാക്കും;മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും തമ്മിൽ ധാരണയായി

ഇന്ത്യ-ചൈനാ ബന്ധം സുശക്തമാക്കും;മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും തമ്മിൽ ധാരണയായി

അതിര്‍ത്തിയിലെ സമാധാനം സംരക്ഷിക്കാനും പരസ്പരമുള്ള ആശയവിനിമയനം ശക്തമാക്കാനും ഇന്ത്യ-ചൈനാ ധാരണയായി. ഭീകരവാദമെന്നത് പ്രധാന പ്രശ്‌നമായി എടുക്കാനും ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്നും വുഹാനില്‍ നടന്ന അനൗദ്യോഗിക സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും തമ്മില്‍ ധാരണയായി. സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ചായ് പേ ചര്‍ച്ചക്കും, ബോട്ട് സവാരിക്കിടയിലും നടത്തിയ ചര്‍ച്ചയിലുമാണ് സമാധാനം ഉറപ്പാക്കന്‍ ഒരുമിച്ച് കൈകോര്‍ക്കണമെന്ന് ഇരു നേതാക്കളും തമ്മില്‍ ധാരണയായത്. ഒരു ദിവസത്തിനിടെ ഏതാണ്ട് ആറ് ചര്‍ച്ചകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയത്. കയറ്റുമതി, സൈനിക സഹകരണം, വിനോദ സഞ്ചാരം തുടങ്ങി പ്രാദേശിക വിഷയങ്ങള്‍ വരെ മോദിയും ഷിയും ചര്‍ച്ച ചെയ്തു.

അതിര്‍ത്തിയിൽ പരസ്പര വിശ്വാസം വർധിപ്പിക്കാൻ ഉതകുംവിധം പ്രവർത്തിക്കാൻ സൈന്യങ്ങൾക്കു നിർദേശം നൽകാൻ ഇന്ത്യ–ചൈന കൂടിക്കാഴ്ചയിൽ തീരുമാനമായി. ഇതിനായി ഇരുവിഭാഗം സൈന്യങ്ങളും അതിർത്തിയിൽ ആശയവിനിമയം മെച്ചപ്പെടുത്താനാണ് നിർദ്ദേശം. പരസ്പര വിശ്വാസം വളര്‍ത്തി, പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകണം. ദോക്‌ലായ്ക്കു സമാനമായ സാഹചര്യങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തിലൊരു നിർദേശം നൽകുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും നടത്തിയ അനൗപചാരിക ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച തീരുമാനം.

അതേസമയം ഇന്ത്യ–ചൈന ബന്ധത്തിലെ നാഴികക്കല്ലാണു കൂടിക്കാഴ്ചയെന്ന് ചൈന പ്രതികരിച്ചു. രാജ്യാന്തര സാമ്പത്തിക വളർച്ചയിൽ നിർണായക ശക്തികളാണ് ഇന്ത്യയും ചൈനയും. ഇക്കാര്യത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ‘നട്ടെല്ലാ’യാണ് ഇരുരാജ്യങ്ങളുടെയും പ്രവർത്തനം. ഇക്കാര്യം മനസ്സിൽവച്ച് ലോകസമാധാനത്തിനും ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും വേണ്ടി സംയുക്തമായി പ്രവർത്തിക്കുമെന്നും ചിൻപിങ് വ്യക്തമാക്കി.

സാമ്പത്തികബന്ധം ശക്തമാക്കാനും ജനങ്ങൾ തമ്മിലുള്ള ബന്ധം കാര്യക്ഷമമാക്കാനുമുള്ള ശ്രമങ്ങളാണ് ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള അനൗപചാരിക ഉച്ചകോടിയിൽ ചർച്ചയായത്. കൃഷി, സാങ്കേതികത, ഊർജം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചും ചർച്ച നടന്നതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി. ഇന്ത്യ–ചൈന അതിർത്തിയിലെ എല്ലാ മേഖലയിലും ശാന്തിയും സമാധാനവും നിലനിർത്താനാണ് ഇരുവിഭാഗം രാഷ്ട്രത്തലവന്മാരുടെയും ആഗ്രഹം. അതിനാണു പ്രാധാന്യം നൽകിയിരിക്കുന്നതും. ഇരുവിഭാഗം സൈനികരും തമ്മിലുള്ള ആശയവിനിമയവും ഭാവിയിൽ ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments