Friday, April 26, 2024
HomeInternationalഎഫ്ബിഐ റെയ്ഡ്;പുരുഷന്റെ മൃതദേഹത്തിൽ യുവതിയുടെ ചെറിയ തല തുന്നിച്ചേർത്ത നിലയിൽ കണ്ടെടുത്തു

എഫ്ബിഐ റെയ്ഡ്;പുരുഷന്റെ മൃതദേഹത്തിൽ യുവതിയുടെ ചെറിയ തല തുന്നിച്ചേർത്ത നിലയിൽ കണ്ടെടുത്തു

മൃതദേഹത്തിൽ നിന്നു വേർപെടുത്തിയ ശരീരഭാഗങ്ങൾ പലയിടത്തും കൂട്ടിയിട്ടിരിക്കുന്നു, ബക്കറ്റുകൾ നിറയെ മനുഷ്യന്റെ തലകൾ, കയ്യും കാലും മുറിച്ചെടുത്ത് പ്രത്യേകം കൂട്ടിയിട്ടിരിക്കുന്നു, ഒരു കൂളറിനകത്തു നിറയെ പുരുഷ ലൈംഗികവായവങ്ങൾ മരവിപ്പിച്ചു സൂക്ഷിച്ച നിലയിൽ. യുഎസിലെ അരിസോണയിലുള്ള ബയോളജിക്കൽ റിസോഴ്സ് സെന്ററിൽ(ബിആർസി) പരിശോധനയ്ക്കെത്തിയ എഫ്ബിഐ ഏജന്റുമാർക്കു മുന്നിലായിരുന്നു ഈ നടുക്കുന്ന കാഴ്ച. ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുമെന്ന ഉറപ്പോടെ പല കുടുംബങ്ങളും കൈമാറിയ മൃതദേഹങ്ങളാണ് ബിആർസിയുടെ നേതൃത്വത്തിൽ ശരീരഭാഗങ്ങൾ മാത്രം മുറിച്ചെടുത്തു വിറ്റത്. ഓരോ അവയവങ്ങൾക്കും പ്രത്യേകം വിലയിട്ടായിരുന്നു വിൽപന. മനുഷ്യ ശരീരഭാഗങ്ങൾ പലയിടത്തേക്കും അനധികൃതമായി കടത്തുകയും വിൽപന നടത്തുകയും ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു ബിആർസിയിലെ പരിശോധന. 2013ലായിരുന്നു ബിആർസിയിൽ എഫ്ബിഐയുടെ റെയ്ഡ് നടന്നത്. തൊട്ടടുത്ത വർഷം സെന്റർ അടച്ചുപൂട്ടുകയും ചെയ്തു. അനധികൃതമായി കമ്പനി നടത്തിയതിന്, ഇതിന്റെ നടത്തിപ്പുകാരനായ സ്റ്റീഫൻ ഗോറിന്ന് തടവുശിക്ഷയും ഏകദേശം 82 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. എന്നാൽ ബിആർസിക്കു മൃതദേഹം കൈമാറിയ 33 പേർ ചേർന്നു നൽകിയ കേസിൽ ഒക്ടോബർ 21ന് വാദം നടക്കാനിരിക്കുകയാണ്.ഇവരെല്ലാവരും കുടുംബാംഗങ്ങളുടെ മൃതദേഹം കൈമാറിയത് അവ ശാസ്ത്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന ഉറപ്പിനെത്തുടർന്നായിരുന്നു. എന്നാൽ ഗോർ വിശ്വാസ വഞ്ചന കാണിച്ചെന്നു ചൂണ്ടിക്കാട്ടിയാണിപ്പോൾ കേസ്. ആറു വർഷം മുൻപു നടന്ന പരിശോധനയിൽ പങ്കെടുത്തവരുടെ ദൃക്‌സാക്ഷി വിവരങ്ങൾ ഇപ്പോഴാണു എഫ്ബിഐ പുറത്തുവിട്ടത്. പല ബക്കറ്റുകളിലും ശരീരഭാഗങ്ങൾ നിറച്ച അവസ്ഥയിലായിരുന്നു. തലകളിൽ പലതും പുഴുവരിച്ച നിലയിലും. മൃതദേഹങ്ങൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടന്നിരുന്നതായും സംശയിക്കുന്നു. വലിയൊരു പുരുഷന്റെ മൃതദേഹത്തിൽ യുവതിയുടെ ചെറിയ തല തുന്നിച്ചേർത്ത നിലയിലും കണ്ടെത്തി. പ്രശസ്ത നോവലായ ‘ഫ്രാങ്കൻസ്റ്റീനിലെ’ മൃതദേഹ പരീക്ഷണങ്ങളെ ഓർമിപ്പിക്കുന്നതായിരുന്നു അതെന്ന് റെയ്ഡിൽ പങ്കെടുത്ത മുൻ എഫ്ബിഐ എജന്റ് മാർക് സ്വെയ്നർ പറയുന്നു.

ആരുടെ മൃതദേഹമാണ് എന്നറിയാൻ പോലുമാകാത്ത വിധം തിരിച്ചറിയൽ ടാഗുകളില്ലാതെയായിരുന്നു ശരീരഭാഗങ്ങൾ സൂക്ഷിച്ചിരുന്നത്. മൃതദേഹങ്ങളോടു യാതൊരുവിധത്തിലുള്ള ആദരവുമില്ലാതെയായിരുന്നു നടപടികളെന്നും റിപ്പോർട്ടിൽ പറയുന്നു. 1755 ശരീരഭാഗങ്ങളാണ് എഫ്ബിഐ കണ്ടെടുത്തതെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 142 ബോഡി ബാഗുകളിലായിരുന്നു ഇവ അവിടെ നിന്നു മാറ്റിയത്. ആകെ 10 ടൺ ഭാരമുള്ള മൃതദേഹഭാഗങ്ങൾ. ഇതിനു നേതൃത്വം നൽകിയ എഫ്ബിഐ ഏജന്റുമാരിലൊരാളായ മാത്യു പാർക്കർ ഇപ്പോഴും ഞെട്ടലിൽ നിന്നു മോചിതനായിട്ടില്ല. രാത്രിയിൽ ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിന് ചികിത്സ പോലും തേടേണ്ടി വന്നു. ‘ഇറച്ചിക്കട പോലെയായിരുന്നു ആ സെന്റർ. അവ്വിധത്തിലായിരുന്നു മൃതദേഹ ഭാഗങ്ങൾ ചിതറിക്കിടന്നിരുന്നത്…’ പാർക്കർ ഓർക്കുന്നു.ചുമലുകളും തലയും ഇല്ലാത്ത ഒരു മൃതദേഹത്തിന് 2900 ഡോളർ (ഏകദേശം 2 ലക്ഷം രൂപയ്ക്കടുത്ത്) ആയിരുന്നു വിലയിട്ടിരുന്നതെന്ന് കമ്പനി രേഖകൾ വ്യക്തമാക്കുന്നു. മൊത്തം മൃതദേഹത്തിന് 3.4 ലക്ഷം രൂപ വരെയും. നട്ടെല്ല് മാത്രമായി വിറ്റതാകട്ടെ ഏകദേശം 65,000 രൂപയ്ക്കും. തല മാത്രമായി 20,000 രൂപയ്ക്കും ലഭിച്ചിരുന്നു. ഒരു കാലിന് വില 74,000 രൂപ. ഇടുപ്പും കാൽമുട്ടും കാൽപ്പാദവുമെല്ലാം 68,000 രൂപയ്ക്കു താഴെ വിലയ്ക്കു ലഭിക്കുമായിരുന്നെന്നും എഫ്ബിഐ റിപ്പോർട്ടിലുണ്ട്. മൃതദേഹങ്ങൾ അർഹമായ ആദരവോടെ സൂക്ഷിക്കാമെന്ന് ഉറപ്പു നൽകിയിട്ടാണ് ബിആർസി മൃതദേഹങ്ങൾ ഏറ്റെടുക്കാറുള്ളത്. കാൻസർ ചികിത്സയ്ക്ക് ഉൾപ്പെടെ ഉപയോഗിക്കുമെന്നു പറഞ്ഞായിരുന്നു മൃതദേഹങ്ങൾ ഏറ്റെടുത്തിരുന്നത്. ഇതിനായുള്ള കോശങ്ങൾ ശേഖരിക്കുക മാത്രമാണു ചെയ്യുന്നതെന്നും പലരെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എന്നാൽ ഏറ്റെടുത്തവയിൽ 21 മൃതദേഹങ്ങൾ യുഎസ് സൈന്യത്തിന് ‘ബോംബ് പരീക്ഷണം’ നടത്താൻ നൽകിയിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കുഴിബോംബുകൾ മനുഷ്യശരീരത്തിലുണ്ടാക്കുന്ന ആഘാതത്തെപ്പറ്റി പഠിക്കാനായിരുന്നു ഈ മൃതദേഹങ്ങൾ ഉപയോഗിച്ചിരുന്നത്.

ഉപയോഗശൂന്യമായ ശരീരഭാഗങ്ങൾ വിൽപന നടത്തിയതിനും ഗോറിനെതിരെ കേസുണ്ട്. മെഡിക്കൽ മേഖലയിലെ വിദഗ്ധരുടെ സഹായം തേടുന്നതിനു പകരം പുസ്തകങ്ങളിൽ നിന്നും ഇന്റർനെറ്റിൽ നിന്നും ലഭിച്ച വിവരങ്ങളെ ആശ്രയിച്ചതാണു തനിക്കു പറ്റിയ തെറ്റെന്നും ഗോർ ഏറ്റുപറഞ്ഞിരുന്നു. വിട്ടുകൊടുക്കുന്ന മൃതദേഹങ്ങൾ ഉപയോഗപ്പെടുത്തുന്ന കമ്പനികൾക്ക് ലൈസൻസ് നിർബന്ധമാക്കിയുള്ള നിയമം 2017ൽ അരിസോണ പാസ്സാക്കിയിരുന്നു. എന്നാൽ ഇതുവരെ നടപ്പാക്കിയിട്ടില്ല. അവയവദാനവും മൃതദേഹദാനവും തമ്മിലുള്ള വ്യത്യാസം പലർക്കും തിരിച്ചറിയാനാകാത്തതും തിരിച്ചടിയാകുന്നുണ്ട്. കൊളറാഡോയിലും സമാനമായ നിയമം പാസ്സാക്കിയിരുന്നു. എന്നാൽ മറ്റു പല സ്റ്റേറ്റുകളിലും മൃതദേഹം സൂക്ഷിക്കൽ, വിൽപന എന്നിവ സംബന്ധിച്ചുള്ള നിർദേശങ്ങൾ നൽകാൻ പ്രത്യേകിച്ചൊരു നിയമം പോലുമില്ല!

RELATED ARTICLES
- Advertisment -

Most Popular

Recent Comments