Monday, October 7, 2024
HomeNationalആൾദൈവം ഇനി അഴിക്കുള്ളിൽ ; 10 വർഷം തടവ്

ആൾദൈവം ഇനി അഴിക്കുള്ളിൽ ; 10 വർഷം തടവ്

ആൾദൈവം 10 വർഷം അഴി എണ്ണും. ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് 10 വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. അനുയായിയായിരുന്ന പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ഹരിയാനയിലെ റോത്തക് സുനരിയ ജയിലിൽ പ്രത്യേകം തയാറാക്കിയ കോടതികോടതി മുറിയിൽവച്ചാണ് പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് വിധി പ്രസ്താവിച്ചത്. വിധി പറയാനായി ജഡ്ജിയെ പ്രത്യേക ഹെലികോപ്റ്ററിലാണ്ജയിലിലെ കോടതിയിലെത്തിച്ചത്. അവസാനവാദത്തിനായി ഇരുഭാഗത്തിനും പത്തു മിനിറ്റു വീതം സമയം അനുവദിച്ചിരുന്നു. ഗുർമീതിനു പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ പ്രായം, ആരോഗ്യം, സാമൂഹിക പ്രവർത്തനം തുടങ്ങിയവ ചൂണ്ടിക്കാട്ടി മാപ്പു നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിനിടെ ഗുർമീത് കരഞ്ഞ് കൈകൂപ്പി കോടതിയോട് മാപ്പപേക്ഷിക്കുകയും ചെയ്തു.

ഗുർമീതിന്റെ ഇരകളായി മറ്റു 45 പേർകൂടിയുണ്ടെന്നും ഭയത്താൽ അവരാരും മുന്നോട്ടുവരാൻ തയാറായിട്ടില്ലെന്നും മൂന്നു വർഷത്തോളമാണ് ഇവർ പീഡിപ്പിക്കപ്പെട്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഗുർമീതും ജഡ്ജിയുമടക്കം ഒൻപതുപേരാണ് വിധി പ്രസ്താവത്തിന്റെ സമയത്ത് കോടതിയിൽ ഉണ്ടായിരുന്നത്.

∙ സിർസയിൽ ഗുർമീതിന്റെ അനുയായികളിൽനിന്ന് പെട്രോൾ ബോംബും ആയുധങ്ങളും പിടിച്ചെടുത്തു. പഞ്ചാബിലെ ദേരാ ആശ്രമങ്ങളിലും പരിശോധന ഊർജിതമാക്കി.

∙ വിധി കേൾക്കുന്നതിനു മുന്നോടിയായി സിബിഐ അഭിഭാഷകൻ റോത്തക് ജയിലിലെത്തി.

∙ പ്രമേഹ രോഗിയായ ഗുർമീത് റാം റഹിം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് സിവിൽ സർജൻ ഡോ. ദീപ ആംബുലൻസുമായി റോത്തക് ജയിലിലെത്തിയിട്ടുണ്ട്.

∙ ദേര സച്ച സൗദയുടെ ഒരു പ്രവർത്തകൻപോലും റോത്തക്കിൽ പ്രവേശിച്ചിട്ടില്ലെന്ന് ക്രമസമാധാനപാലനത്തിന്റെ എഡിജി മുഹമ്മദ് അകിൽ അറിയിച്ചു.

∙ വിധി പറയാനായി ജഡ്ജി ജഗ്ദീപ് സിങ്ങിനെ ഹെലിക്കോപ്റ്ററിൽ ജയിലിനുള്ളിലെത്തിച്ചു.

അതേസമയം, പഞ്ചാബിലെ സംഗ്രൂരിൽനിന്ന് ഇതുവരെ ദേര സച്ചാ സൗദയുടെ 23 പ്രവർത്തകരെ അറസ്റ്റ് ചെയ്തു. റോത്തക്കിലെ ജയിലിനു സമീപത്തേക്ക് കൂട്ടമായി ആളുകൾ എത്തുന്നതുകണ്ടാൽ വെടിവച്ചുവീഴ്ത്തുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. റോത്തക്കിലേക്കെത്തുന്നവർ മതിയായ കാരണം ബോധിപ്പിച്ചില്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ് നേരത്തേതന്നെ അറിയിച്ചിരുന്നു. റെയിൽവേ സ്റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലും എത്തുന്ന ജനങ്ങളെ കർശന പരിശോധനയ്ക്കുശേഷം തിരിച്ചയയ്ക്കുകയാണ്. നാല് – അഞ്ച് പേരിൽക്കൂടുതൽ കൂട്ടംകൂടിനിൽക്കുന്നത് അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

കോടതി വിധിക്കു മുന്നോടിയായി ഡൽഹിയിലെ 11 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ ഞായർ രാത്രി ഡൽഹി പൊലീസ് ഫ്ലാഗ് മാർച്ച് നടത്തിയിരുന്നു. അതിനിടെ, സുനൈറ ജയിലിൽ കഴിയുന്ന റാം റഹിമിനെ കാണണമെന്ന് ആവശ്യപ്പെട്ടെത്തിയ സ്ത്രീയെ സുനൈറ ഔട്ടർ ബൈപ്പാസിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

ഗുർമീത് കുറ്റക്കാരനാണെന്നു വിധിച്ച കഴിഞ്ഞ വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ ആളിക്കത്തിയ കലാപം ഇന്ന് മൂർധന്യത്തിലെത്തിയേക്കുമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. കഴിഞ്ഞദിവസത്തെ ആക്രമണങ്ങളിൽ മരണസംഖ്യ 38 ആയി ഉയർന്നു.

ദേര അനുയായികളുടെ അക്രമം രാജ്യതലസ്ഥാന നഗരിയിലേക്കു പടരാതിരിക്കാൻ സുരക്ഷാ സേനാംഗങ്ങൾ അതീവ ജാഗ്രതയിലാണ്. ഡൽഹി അതിർത്തിയിൽ പൊലീസ് വാഹന പരിശോധന കർശനമാക്കി. ചെറുസംഘങ്ങളായി റോത്തക്കിലെത്തി പ്രക്ഷോഭം അഴിച്ചുവിടാൻ ഗുർമീത് അനുയായികൾ പദ്ധതിയിടുന്നുവെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടുണ്ട്. റോത്തക്കിൽനിന്നു ഡൽഹിയിലേക്കുള്ള വഴിയിലുടനീളം സുരക്ഷാസേനാംഗങ്ങൾ നിലയുറപ്പിച്ചു.

സൈനിക, അർധസൈനിക വിഭാഗങ്ങളും പൊലീസും ഉൾപ്പെട്ട ത്രിതല സുരക്ഷാ സംവിധാനമാണു ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരിക്കുന്നത്. അർധസൈനിക സേനയുടെ പൂർണ നിയന്ത്രണത്തിലാണു റോത്തക് ജയിൽ പരിസരം. നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശത്തു സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കു വെടിയുണ്ടകളെ നേരിടേണ്ടിവരുമെന്നു റോത്തക് ഡപ്യൂട്ടി കമ്മിഷണർ അതുൽകുമാർ മുന്നറിയിപ്പു നൽകി.

റോത്തക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആക്രമണത്തിനു ജനക്കൂട്ടത്തെ ആഹ്വാനം ചെയ്യാൻ സാധ്യതയുള്ള ഏതാനും പേരെ കരുതൽ തടങ്കലിലാക്കി. ഡൽഹി – റോത്തക് – ഭട്ടിൻഡ മേഖലയിൽ ട്രെയിൻ സർവീസ് ഭാഗികമായി നിർത്തിവച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ജയിലിലെത്തി സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്തി.

ഹരിയാനയിലും പഞ്ചാബിലും മൊബൈൽ, ഇന്റർനെറ്റ് സേവനം നാളെ രാവിലെ 11.30 വരെ റദ്ദാക്കി. കലാപവുമായി ബന്ധപ്പെട്ട് ഹരിയാനയിൽ ഇതുവരെ 552 പേർ അറസ്റ്റിലായി. പിരിഞ്ഞുപോകാൻ വിസമ്മതിച്ച് അര ലക്ഷത്തോളം അനുയായികൾ സിർസയിൽ ദേര ആസ്ഥാനത്തു തുടരുകയാണ്. സിർസയിലും പരിസരപ്രദേശങ്ങളിലും സൈന്യം ഇന്നലെ ഫ്ലാഗ് മാർച്ച് നടത്തി. വിധി പ്രഖ്യാപനം കണക്കിലെടുത്ത് സിർസയിൽ സൈനിക വിന്യാസം ശക്തമാക്കി.

ഇന്നലെ രാവിലെ സിർസയിൽ ദേര ആസ്ഥാനത്തിനു സമീപം ടിവി ചാനൽ മാധ്യമസംഘത്തെ ഗുർമീത് അനുയായികൾ ആക്രമിച്ചു. ഗുർമീതിന് ഏറെ അനുയായികളുള്ള ദക്ഷിണ പഞ്ചാബിൽ സുരക്ഷ ശക്തമാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments