Friday, October 4, 2024
HomeNational15 വയസ്സുകാരൻ കുളം കുത്താനിറങ്ങി തീർന്നപ്പോൾ 27 വർഷം

15 വയസ്സുകാരൻ കുളം കുത്താനിറങ്ങി തീർന്നപ്പോൾ 27 വർഷം

ഛത്തീസ്ഗഡ് കോറിയ ജില്ലയിലെ സാജാ പാഹഡ് ഗ്രാമത്തിലെ കുളത്തില്‍ നിന്ന് കാലികള്‍ വെള്ളം കുടിക്കുമ്പോള്‍ ശ്യാംലാലിന്റെ മനസ്സാണ് നിറയുന്നത്. ഇദ്ദേഹത്തിന്റെ ഹൃദയമാണ് അഭിമാനം കൊണ്ട് ജ്വലിക്കുന്നത്. ശ്യാംലാലിന്റെ 27 വര്‍ഷത്തെ കഠിന പ്രയത്‌നത്തിന്റെ ഫലമാണ് ഈ കുളം. ഒരേക്കര്‍ വിസ്തൃതിയില്‍ പതിനഞ്ച് അടി ആഴമുണ്ട് കുളത്തിന്. വര്‍ഷങ്ങളായി രൂക്ഷമായ ജലക്ഷാമത്തില്‍ പൊറുതി മുട്ടുകയായിരുന്നു സാജാ പാഹഡ് ഗ്രാമം. മനുഷ്യരും കന്നുകാലികളും ഈ കെടുതി അനുഭവിച്ച് പോരുകയായിരുന്നു. ഒരോ ദിക്കിലായുള്ള ഏതാനും കിണറുകള്‍ മാത്രമായിരുന്നു ഇവരുടെ ആശ്രയം. സര്‍ക്കാരുകളില്‍ നിന്ന് കടുത്ത അവഗണനയാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. അങ്ങനെ 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്യാംലാല്‍ എന്ന 15 കാരന്‍ കുളം കുത്താനിറങ്ങി. മണ്‍വെട്ടിയും കൊണ്ടുള്ള ആ കൗമാരക്കാരന്റെ പ്രകടനം കണ്ട് ആളുകള്‍ പരിഹസിക്കുകയാണുണ്ടായത്.ആരും സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ലക്ഷ്യം കണ്ടേ അടങ്ങൂവെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ശ്യാംലാല്‍. ഒടുവില്‍ ആ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു. കന്നുകാലികള്‍ക്ക് ദാഹജലം സമ്മാനിക്കാന്‍ ഇയാളുടെ പരിശ്രമം തുണയായി. ഇന്ന് ഗ്രാമവാസികളും ഈ കുളത്തില്‍ നിന്ന് വെള്ളം ശേഖരിക്കുന്നുണ്ട്. ഗ്രാമവാസികളുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ഇയാള്‍. മല തുരന്ന് വഴിയുണ്ടാക്കിയ ദശരഥ് മാഞ്ചിയോടാണ് പലരും ശ്യാംലാലിനെ ഉപമിച്ചത്. കഴിഞ്ഞദിവസം സ്ഥലം എംഎല്‍എ ശ്യാം ബിഹാരി ജയ്‌സ്വാള്‍ ഗ്രാമത്തിലെത്തി ശ്യാംലാലിന് പതിനായിരം രൂപ സമ്മാനിച്ചു. കളക്ടര്‍ നരേന്ദ്ര ദുഗ്ഗലും ഇദ്ദേഹത്തിന് എല്ലാവിധ പിന്‍തുണയും അറിയിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments