എടിഎം ഇടപാടുകളിലെ തട്ടിപ്പുകള്‍ തടയാന്‍ കർശന നിയന്ത്രണങ്ങൾ വരുമെന്ന് റിപ്പോർട്ട് . ഇടപാടുകള്‍ക്കിടയില്‍ ആറു മുതല്‍ 12 വരെ മണിക്കൂര്‍ ഇടവേള നിഷ്കര്‍ഷിക്കാനാണ് ആലോചിക്കുന്നത്. അര്‍ധരാത്രി 12 മണിക്കും പുലര്‍ച്ചെ അഞ്ചുമണിക്കും ഇടയിലാണ് തട്ടിപ്പുകള്‍ കൂടുതലെന്ന് ബാങ്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് ഇടപാടുകള്‍ നിയന്ത്രിക്കുന്നതിനും ആലോചിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഇടപാടിനു സമാനമായി എടിഎം വഴി പണം പിന്‍വലിക്കുമ്പോഴും ഒ.ടി.പി (വണ്‍ ടൈം പാസ് വേഡ്) കൊണ്ടുവരുന്നതാണ് പരിഗണനയിലുള്ള മറ്റൊരു നിയന്ത്രണം. നിലവില്‍ കനറാ ബാങ്ക് ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ദിവസം 10,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നതിനാണ് ഒ.ടി.പി ഏര്‍പ്പെടുത്തിയത്. അനധികൃത ഇടപാടുകള്‍ തടയാന്‍ ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ. കേന്ദ്രീകൃത നിരീക്ഷണ സംവിധാനം കൊണ്ടുവരുന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ബാങ്കുകളുടെ ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുറക്കുന്നതാണ് പരിഗണിക്കുന്നത്. എടിഎം വഴി പണം പിന്‍വലിക്കുന്നതിന് യോനോ കാഷ് എന്ന ആപ് സംവിധാനം വിപുലമാക്കാനുള്ള ശ്രമത്തിലാണ് എസ് ബിഐ. കാര്‍ഡ് ഉപയോഗിക്കാതെ തന്നെ മൊബൈല്‍ ഫോണും ആപ്പും ഉപയോഗിച്ച് എടിഎമ്മില്‍നിന്ന് പണം എടുക്കുന്ന സംവിധാനമാണിത്. ഒ.ടി.പിയും പിന്‍നമ്പരും ഉപയോഗിച്ച് ഇരട്ടസുരക്ഷയൊരുക്കിയാണ് ഈ സംവിധാനം.