ഫ്‌ളോറിഡായില്‍ കാണാതായ യുവതിയുടെ മൃതദേഹം കാറിന്റെ ട്രങ്കില്‍

ടൈറ്റസ് വില്ല (ഫ്‌ളോറിഡ): ടൈറ്റസ് വില്ല ഹോം ടൗണില്‍ നിന്നും അപ്രത്യക്ഷമായ അന്ന പ്രിമേറിയുടെ (36) മൃതദേഹം ടെന്നിസ്സി ലബനനിലെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ട്രങ്കില്‍ നിന്നും കണ്ടെടുത്തതായി ഫെബ്രുവരി 27 വ്യാഴാഴ്ച ടൈറ്റസ് വില്ല പോലീസ് വെളിപ്പെടുത്തി.

ഫെബ്രുവരി 21 നാണ് അന്നയെ കാണാതായത്. ഫെബ്രുവരി 26 ബുധനാഴ്ചയായിരുന്നു മൃതദേഹം കണ്ടെത്തിയത്.

അന്ന വാടകയ്‌ക്കെടുത്തിരുന്ന വീട്ടിലെ ഉടമസ്ഥന്റെ കുട്ടിയെ ബേബി സിറ്റ് ചെയ്തിരുന്ന ഡോണ് ഗിബ്‌സണ്‍ (28) അന്നയുടെ മരണവുമായി ബന്ധപ്പെട്ടു ടെന്നിസ്സി ലബനന്‍ പോലീസിന് കീഴടങ്ങിയതായി ടൈറ്റസ് വില്ല പോലീസ് പറഞ്ഞു.

ഫ്‌ളോറിഡായില്‍ നിന്നും അന്ന അപ്രത്യക്ഷമായതിന് പിറ്റേ ദിവസം ഗിബ്‌സന്റെ കാര്‍ സംഭവസ്ഥലത്തു നിന്നും പുറത്തേക്ക് പോകുന്നതായി കണ്ടെത്തിയിരുന്നു. അന്നയുടെ മരണ കാരണം വ്യക്തമല്ലെങ്കിലും അവര്‍ വളരെ ക്രൂരമായി കൊല്ലപ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഞായറാഴ്ച ഗിബ്‌സന്റെ കാര്‍ പരിശോധിക്കുന്നതിനുള്ള വാറന്റ് പോവീസിന് ലഭിച്ചിരുന്നു.

അന്നയെ കാണാതായതിന് ശേഷം ദേശവ്യാപകമായി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ടൈറ്റസ് വില്ലയില്‍ നിന്നും 700 മൈല്‍ അകലെയുള്ള ലബനനിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.