സമരപ്രഖ്യാപനത്തെതുടര്‍ന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചു കൂട്ടിയ റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ റേഷന്‍ വ്യാപാരികളുടെ വേതനം സംബന്ധിച്ച് തീരുമാനമായില്ല.
കമ്മീഷന്‍ പുതുക്കുന്നതു സംബന്ധിച്ച് ഒരു ഉറപ്പും നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ല. ഭക്ഷ്യമന്ത്രി നല്‍കുമെന്ന് പറഞ്ഞ ഇന്‍സെന്റീവ് നല്‍കണമെങ്കില്‍ 500 കോടി രൂപ ആവശ്യമായതിനാല്‍ ഇക്കാര്യം പരിഗണനയില്‍ ഇല്ലെന്നും മുഖ്യമന്ത്രി വ്യാപാരികളെ അറിയിക്കുകയായിരുന്നു. 45 ക്വിന്റല്‍ അരി വില്‍ക്കുന്ന 350 റേഷന്‍ കാര്‍ഡുള്ള കടകള്‍ക്ക് 19,500 രൂപ വേണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. ഇതേക്കുറിച്ചു പഠിക്കാന്‍ ഭക്ഷ്യവകുപ്പിനോട് നിര്‍ദേശിക്കുകമാത്രമാണ് മുഖ്യമന്ത്രി ചെയ്തത്.
കടവാടക അടക്കം വ്യാപാരികള്‍ ഉന്നയിച്ച മറ്റാവശ്യങ്ങളും പരിഗണിച്ചില്ല. ഈ സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡ് വിതരണവുമായി സഹകരിക്കാതെ മുന്‍ നിശ്ചയപ്രകാരം മെയ് ഒന്നു മുതല്‍ സമരം ആരംഭിക്കുമെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു.
റേഷന്‍ വ്യാപാരികളുടെ വേതനം സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയ നിരവധി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥരും റേഷന്‍ വ്യാപാരികളുമടങ്ങിയ കമ്മിറ്റി തയാറാക്കിയ നിര്‍ദേശങ്ങള്‍ മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ചുവെങ്കിലും മാറ്റിവെച്ച് റേഷന്‍ വ്യാപാരികളെ വഞ്ചിച്ചു. റേഷന്‍ കാര്‍ഡ് വിതരണം നടത്തുന്നതിനുവേണ്ടിയാണ് ഒരു മാസ കാലാവധി മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കൂടാതെ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍, ധനമന്ത്രി തോമസ് ഐസക് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
റേഷന്‍കടയില്‍ പി.ഒ.എസ് യന്ത്രങ്ങളും കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും സ്ഥാപിച്ചു കഴിഞ്ഞാല്‍ പിന്നീട് കടയുടെ അവകാശം സര്‍ക്കാറില്‍ നിക്ഷിപ്തമാകുമെന്നും പെട്രോള്‍ പമ്പുകള്‍ നടത്താന്‍ ഓയില്‍ കമ്പനികള്‍ക്കു സ്ഥലം നല്‍കിയ അവസ്ഥയെപോലെയാകുമെന്നും അതിനാല്‍ കട വാടക ഉള്‍പ്പെടെ വ്യക്തമായ എഗ്രിമെന്റും, ധാരണയും ഉണ്ടെങ്കില്‍ മാത്രമേ കടമുറികള്‍ വിട്ടു നല്‍കുകയുള്ളൂവെന്നും റേഷന്‍ വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ആറുമാസമായി റേഷന്‍ സാധനങ്ങള്‍ സൗജന്യമായിട്ടാണ് ഭൂരിപക്ഷം കാര്‍ഡ് ഉടമകള്‍ക്കും നല്‍കുന്നതെന്നും വണ്ടിക്കൂലിയും കയറ്റ്-ഇറക്ക്-അട്ടിക്കൂലിയും നല്‍കുന്നത് റേഷന്‍ വ്യാപാരിയാണെന്നും ഇതിനായി നല്‍കാമെന്നേറ്റ ഇന്‍സന്റീവ് നിഷേധിച്ചത് വഞ്ചനയാണെന്നും അവര്‍ പറഞ്ഞു.
റേഷന്‍ കടകള്‍ക്ക് ഗ്രേഡ് നിശ്ചയിച്ച് കടകളുടെ എണ്ണം 10,000 ആയി കുറക്കാനുള്ള നീക്കത്തെ എതിര്‍ക്കും. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 30ന് സമരസമിതി യോഗം തിരുവനന്തപുരത്ത് ചേരും.