കശ്മീര്‍ താഴ്വരയില്‍ ‘കാര്‍പ്പറ്റ് ബോംബ്’ പ്രയോഗിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ഉറി, കുപ്വാര ആക്രമണങ്ങള്‍ നടന്നപ്പോള്‍ തന്നെ ‘കാര്‍പ്പറ്റ് ബോംബിങ്’ നടത്തി സര്‍ക്കാര്‍ ആക്രമണങ്ങള്‍ക്ക് തടയിടണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. (നിരവധി ബോംബുകള്‍ വര്‍ഷിച്ച് ഒരു പ്രത്യേക പ്രദേശത്തെ ഇല്ലാതാക്കുന്ന നടപടിയെയാണ് കാര്‍പ്പറ്റ് ബോംബിങ് എന്നു പറയുന്നത്.) വഡോദരയില്‍ പരശുരാമ ജയന്തിയോട് അനുബന്ധിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു തൊഗാഡിയ.
ആര്‍മി ക്യാമ്ബുകള്‍ക്ക് എതിരായി നടക്കുന്ന ആക്രമണങ്ങളും കല്ലേറുകളും യുദ്ധസമാനമായി കണക്കാക്കി പ്രദേശത്തെ ഒന്നടങ്കം നശിപ്പിക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. സുരക്ഷാ സൈനികരുമായുള്ള യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ‘തീവ്രവാദികളെ’ നശിപ്പിക്കണം. കശ്മീരില്‍ സാധാരണക്കാരും സുരക്ഷ സൈനികരും തമ്മിലുള്ള ശത്രുത വര്‍ദ്ധിച്ചു വരികയാണെന്നും തൊഗാഡിയ പറഞ്ഞു.