സുപ്രീംകോടതിയുടെ സുവ്യക്‌തമായ വിധി വന്നിട്ടും പോലീസ് മേധാവിയായി പുനര്‍നിയമനം വൈകുന്നതിനാല്‍ ടി.പി. സെന്‍കുമാര്‍ കോടതിയലക്ഷ്യഹര്‍ജി നല്‍കിയേക്കും.
അനുകൂലമായ തീരുമാനം ഇന്നുണ്ടായില്ലെങ്കില്‍ തിങ്കളാഴ്‌ച സുപ്രീം കോടതിയെ സമീപിക്കും. പോലീസ് മേധാവിയായി സെന്‍കുമാറിനെ നിയമിക്കണമെന്ന് കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ചരിത്രത്തില്‍ ഇടംപിടിച്ച വിധിയുണ്ടായത്. ഒരാഴ്‌ചയായിട്ടും അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കോടതി വിധി അനുസരിക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് ചൂണ്ടിക്കാട്ടി നിയമവകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍, ഇക്കാര്യത്തില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയോട് നിയമോപദേശം തേടുകയാണ് സര്‍ക്കാര്‍ ചെയ്‌തത്. ഇതു വിധി നടപ്പാക്കുന്നത് മനഃപൂര്‍വം വൈകിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് ഹര്‍ജിയില്‍ സെന്‍കുമാര്‍ ചൂണ്ടിക്കാട്ടും. തന്നെ നിയമിക്കണമെന്ന് ഉത്തരവു വന്നിട്ടും ലോക്‌നാഥ് ബെഹ്‌റ സ്‌ഥാനത്ത് തുടരുന്ന കാര്യവും കോടതിയെ അറിയിക്കും. ജൂണ്‍ 30-ന് സര്‍വീസില്‍ നിന്നു സെന്‍കുമാര്‍ വിരമിക്കുന്ന സാഹചര്യത്തിലായിരുന്നു കോടതി വേഗത്തില്‍ വിധി പ്രസ്‌താവിച്ചത്. സര്‍ക്കാരിന് തിരിച്ചടിയായ കേസില്‍ നിയമനം നല്‍കാതെ വൈകിപ്പിക്കാനുള്ള നീക്കമാണു നടക്കുന്നത്. മേയ് ഒന്‍പതിനു കോടതി അവധിക്കായി പിരിയും. ഇതുകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നിലപാടിനെതിരേ കോടതിയെ വേഗത്തില്‍ സമീപിക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചത്. വിധി നടപ്പാക്കുമെന്നു മുഖ്യമന്ത്രിയും സി.പി.എം.സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും നേരത്തേ വ്യക്‌തമാക്കിയിരുന്നു.