Friday, October 4, 2024
HomeInternationalബ്രിട്ടിഷ് എയർവെയ്സ് സർവീസ് മുടങ്ങി; തറയിൽ ഉറങ്ങിയും പട്ടിണി കിടന്നും യാത്രക്കാർ

ബ്രിട്ടിഷ് എയർവെയ്സ് സർവീസ് മുടങ്ങി; തറയിൽ ഉറങ്ങിയും പട്ടിണി കിടന്നും യാത്രക്കാർ

കംപ്യൂട്ടർ ശൃംഖലയിലെ തകരാർമൂലം ശനിയാഴ്ച മുഴുവൻ സർവീസ് മുടങ്ങിയ ബ്രിട്ടിഷ് എയർവേസിന്റെ ഭൂരിഭാഗം വിമാനങ്ങളും ഇന്നലെയും ഹീത്രൂവിൽനിന്നും സർവീസ് നടത്തിയില്ല. എതാനും വിമാനങ്ങൾ സമയംതെറ്റി സർവീസ് നടത്തിയെങ്കിലും വിമാനത്താവളത്തിലെ അരാജകത്വത്തിനും ദുരവസ്ഥയ്ക്കും ഒരുമാറ്റവും ഉണ്ടായില്ല. ഗാട്ട്വിക്ക് വിമാനത്താവളത്തിൽനിന്നും സർവീസുകൾ സമയംതെറ്റി പുന:രാരംഭിക്കാനായെങ്കിലും ഹീത്രുവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് സൂചന. തകരാർ പരിഹരിച്ചാലും സർവീസുകൾ സാധാരണഗതിയിലാകാൻ സമയമെടുക്കും.

ആയിരക്കണക്കിനു യാത്രക്കാരാണ് ഇന്നലെയും വിമാനത്താവളത്തിലെത്തി നിരാശരായി മടങ്ങിയത്. യാത്ര മാറ്റിവയ്ക്കാൻ കഴിയാത്തവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ബ്രിട്ടിഷ് എയർവേസ് വിമാനങ്ങളിൽ കണക്ഷൻ ഫ്ലൈറ്റ് ബുക്കുചെയ്ത് എത്തിയവരുമെല്ലാം വിമാനത്താവളത്തിൽ കുടുങ്ങി. ഹീത്രുവിലെ അഞ്ചാം നമ്പർ ടെർമിനലിലെ രംഗങ്ങൾ അക്ഷരാർഥത്തിൽ അഭയാർഥി ക്യാംപുകളേക്കാൾ കഷ്ടമായി. ലഗേജുകളിൽ തലചായ്ച്ചുറങ്ങുന്നവരും നിലത്തിരുന്നു വിശ്രമിക്കുന്നവരും അനന്തമായ കാത്തിരുപ്പു തുടരുകയാണ്. ഇവരുടെ ചോദ്യങ്ങൾക്ക് മതിയായ വിശദീകരണം നൽകാൻ പോലും എയർലൈൻസ് അധികൃതർക്ക് ആകുന്നില്ല. പലർക്കും സമയത്ത് ഭക്ഷണംപോലും കിട്ടാത്ത സ്ഥിതിയാണുള്ളത്.

ശനിയാഴ്ച ഉച്ചയോടെയാണ് ബ്രിട്ടിഷ് എയർവേസിന്റെ കംപ്യൂട്ടർ ശൃംഖല അപ്പാടെ തകാരാറിലാത്. ഇതോടെ ലണ്ടനിൽനിന്നുള്ള ബ്രിട്ടീഷ് എയർവേസ് വിമാനങ്ങൾ എല്ലാം സർവീസ് നിർത്തി. വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുമ്പ് വിമാനത്തിന്റെ സമയക്രമം ഉറപ്പുവരുത്തണമെന്നു മാത്രമാണ് എയർലൈൻസ് അധികൃതർ അറിയിപ്പു നൽകുന്നത്. എന്നാൽ ഇത്തരം വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമല്ലാത്തതിനാൽ ആളുകൾ നേരിട്ട് വിമാനത്താവളത്തിൽ എത്തുന്ന സ്ഥിതിയാണുള്ളത്. കംപ്യൂട്ടർ ശൃംഖല തകരാറിലായതോടെ വെബ്സൈറ്റിന്റെയും കോൾസെന്ററുകളുടെയും പ്രവർത്തനവും തകരാറിലായിരുന്നു.

അസൗകര്യങ്ങൾക്ക് യാത്രക്കാരോടു ക്ഷമ ചോദിച്ച എയലൈൻസ് ചീഫ് എക്സിക്യൂട്ടീവ് അലക്സ് ക്രൂസ് സർവീസുകൾ സാധാരണനിലയിലാക്കാൻ ജീവനക്കാർ കഠിനശ്രമം തുടരുകയാണെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു. ദുരിതങ്ങളുടെ വിവരണങ്ങൾ ചിത്രങ്ങൾ സഹിതം യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ചയുണ്ടായ എൻഎച്ച്എസിലെ കംപ്യൂട്ടർ വൈറസ് ആക്രണത്തിനു പിന്നാലെയാണ് ശനിയാഴ്ച ബ്രിട്ടിഷ് എയർവേസിന്റെ കംപ്യൂട്ടർ ശൃംഖല അപ്പാടെ നിശ്ചലമായത്.

ബ്രിട്ടണിൽ ഈയാഴ്ച ബാങ്ക് ഹോളിഡേ വാരാന്ത്യവും സ്കൂൾ അവധിക്കാലവുമായതിനാൽ യാത്രക്കാരുടെ എണ്ണം വളരെ കൂടുതലായിരുന്നു. കുട്ടികളോടൊപ്പം വിനോദയാത്രയ്ക്കും മറ്റും എത്തിയ യാത്രക്കാർ അക്ഷരാർഥത്തിൽ നരകയാതന അനുഭവിച്ചു. ആയിരക്കണക്കിനാളുകളുടെ അവധിക്കാല സ്വപ്നങ്ങളാണ് കംപ്യൂട്ടർ തകരാറിൽ തകർന്നടിഞ്ഞത്. ഇതിനിടെ എൻഎച്ച്എസിൽ സംഭവിച്ചതുപോലുള്ള സൈബർ ആക്രണമാണ് നടന്നതെന്ന് പ്രചാരണം ഉണ്ടായെങ്കിലും ഇതു സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. സിസ്റ്റത്തിന്റെ പവർ സപ്ലൈയിലെ തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments