2003നുശേഷം ശ്രീലങ്കയിലുണ്ടായ ഏറ്റവും ശക്തമായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 150 ആയി. വിവിധയിടങ്ങളിലായി 112 പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. 24,603 കുടുംബങ്ങളിലെ 1,01,638 പേരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 319 ദുരിതാശ്വാസക്യാമ്പുകളാണ് തുറന്നത്. 15 ജില്ലകളിലെ ജനങ്ങളെയാണ് പ്രളയം കാര്യമായി ബാധിച്ചത്.
മഴ കുറഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 1000 സൈനികരെ കൂടുതലായി നിയമിച്ചു. വരുംദിവസങ്ങളില്‍ കടലോരമേഖലകളില്‍ ശക്തമായ കാറ്റുവീശാനും മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഐക്യരാഷ്ട്രസംഘടനയോടും അയല്‍രാജ്യങ്ങളോടും ശ്രീലങ്ക സഹായം അഭ്യര്‍ഥിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍നിന്നുള്ള ആദ്യസംഘം ശനിയാഴ്ച രാവിലെയും രണ്ടാമത്തെ സംഘം ഞായറാഴ്ചയും ശ്രീലങ്കയിലെത്തി. ഇന്ത്യന്‍ നേവിയുടെ ഒരു കപ്പല്‍കൂടി ശ്രീലങ്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.