ഫോണ്‍വിളി വിവാദത്തില്‍ രാജിവച്ച മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ കോടതി കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തി തിരുവനന്തപുരം സിജെഎം കോടതിയാണ് ശശീന്ദ്രനെതിരെ സ്വമേധയാ കേസെടുത്തത്. ശശീന്ദ്രന്‍ ഫോണിലൂടെ യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതിന്റെ ശബ്ദരേഖ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ശശീന്ദ്രന് കോടതി നോട്ടീസ് അയച്ചു. ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ലൈംഗിക ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തുവെന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് കോടതി നടപടി.
എകെ ശശീന്ദ്രന്‍ ഫോണിലൂടെ തന്നോട് അപമര്യാദയായി പെരുമാറി എന്ന് കാണിച്ച് സ്വകാര്യ ചാനല്‍ ജീവനക്കാരിയായ യുവതി കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മൂന്ന് സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയ പരാതിയാണ് യുവതി കോടതിയില്‍ സമര്‍പ്പിച്ചത്.
അതേസമയം,കേസ് എടുത്ത കോടതി നടപടി സ്വാഭാവികമാണെന്നും അന്വേഷണത്തോട് താന്‍ സഹകരിക്കുമെന്നും എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കോടതി ഒരവസരം തന്നിരിക്കുകയാണ്. കേസില്‍ അന്വേഷണം വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.