Saturday, May 4, 2024
HomeNationalരാഷ്ട്രപതി ഭവനില്‍ നാളെ മോദിയുടെ സത്യപ്രതിജ്ഞ

രാഷ്ട്രപതി ഭവനില്‍ നാളെ മോദിയുടെ സത്യപ്രതിജ്ഞ

രാഷ്ട്രപതി ഭവനില്‍ നാളെ നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എണ്ണായിരത്തോളം അതിഥികള്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രപതി ഭവനിലെ ഏറ്റവും വലിയ ചടങ്ങായി നാളത്തെ സത്യപ്രതിജ്ഞ മാറും.

വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കും. ബിംസ്റ്റെക് (ബേ ഓഫ് ബംഗാള്‍ ഇനീഷിയേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ ഓപറേഷന്‍ -) അംഗരാജ്യങ്ങളിലെ രാഷ്ട്രതലവന്‍മാര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. അയല്‍രാജ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുക എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഇവരെ ക്ഷണിച്ചിരിക്കുന്നത്.

വിദേശ രാഷ്ട്ര തലവന്‍മാരെ കൂടാതെ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രതിപക്ഷ അംഗങ്ങള്‍, നയതന്ത്രജ്ഞര്‍, സ്ഥാനപതിമാര്‍, സിനിമാ മേഖലയില്‍ നിന്നടക്കമുള്ള താരങ്ങള്‍,പ്രവാസി ഇന്ത്യക്കാര്‍ തുടങ്ങിയ അതിഥികളുടെ വമ്പന്‍ നിരതന്നെ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഡല്‍ഹിയിലെത്തും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുതിർന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ ഡൽഹിയിലേക്ക് പോയി . മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് ആയിരുന്നു കുമ്മനം തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാർഥി ആയത്. ശശി തരൂരിനെതിരായ മത്സരത്തിൽ കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മന്ത്രിസഭാ രൂപീകരണത്തിൽ കുമ്മനത്തെ പരിഗണിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് കുമ്മനത്തിന്‍റെ ഡൽഹി യാത്ര. പുലർച്ചെ തിരുവനന്തപുരത്തു നിന്നുമാണ് കുമ്മനം ഡൽഹിയിലേക്ക് പോകുന്നത്.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പങ്കെടുക്കും . മമത തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മറ്റു മുഖ്യമന്ത്രിമാരുമായി ഇക്കാര്യം സംസാരിച്ചെന്നും സത്യപ്രതിജ്ഞാ ചടങ്ങായതിനാൽ പങ്കെടുക്കാനാണ് തീരുമാനമെന്നും മമത വ്യക്തമാക്കി. മെയ് 30ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മമത ബാനർജിയെ നരേന്ദ്രമോദി ക്ഷണിച്ചിരുന്നു.തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നരേന്ദ്ര മോദിയും മമത ബാനർജിയും തമ്മിലുണ്ടായ വാക്കുതർക്കങ്ങൾ വാർത്തകളായി നിറഞ്ഞിരുന്നു.സത്യപ്രതിജ്ഞ ചടങ്ങിൽ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കുമെന്നാണ് അവസാനമായി കിട്ടിയ വിവരം.

ചടങ്ങിനെത്തുന്ന അതിഥികള്‍ക്ക് ചായയും ലഘുഭക്ഷണവും നല്‍കും. സമൂസയും ചീസ് വിഭവങ്ങളും അടങ്ങിയതാകും ലഘു ഭക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബിംസ്റ്റെക് രാഷ്ട്രതലവന്‍മാര്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അത്താഴ വിരുന്നൊരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചില ഉദ്യോഗസ്ഥരും രാഷ്ട്രപതിയുടെ വിരുന്നില്‍ പങ്കെടുക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments