Wednesday, December 4, 2024
HomeCrimeമോഷണ വാഹനങ്ങൾ പൊളിച്ചു രൂപമാറ്റി വിൽക്കുന്ന വൻ റാക്കറ്റ്

മോഷണ വാഹനങ്ങൾ പൊളിച്ചു രൂപമാറ്റി വിൽക്കുന്ന വൻ റാക്കറ്റ്

വാഹനങ്ങൾ വാടകയ്ക്കെടുത്തശേഷം പൊളിച്ചു രൂപമാറ്റം വരുത്തി വിൽക്കുന്ന വൻ റാക്കറ്റിൽ ‘പൊളിച്ചടുക്കൽ വിദഗ്ധരും’. തമിഴ്നാട്ടിലെ നാഗപട്ടണത്തുള്ള നാഗരാജിന്റെ വർക്‌ ഷോപ്പിൽ എത്തുന്ന മോഷണ വാഹനങ്ങൾ പൊളിച്ചു രൂപമാറ്റം വരുത്താൻ വേണ്ടിവരുന്നതു 10 മിനിറ്റ് മാത്രം. പേരും നിറവും ബോഡിയും എൻജിൻനമ്പരും മാറ്റിയാണു സംഘം വിൽപന നടത്തുന്നത്. ആധുനിക സംവിധാനമാണു വർക്‌ ഷോപ്പിലുള്ളതെന്നു പൊലീസ് പറഞ്ഞു. വാഹനങ്ങളുടെ പേരും മറ്റും നിമിഷങ്ങൾക്കുള്ളിൽ മാറ്റും. കേരളത്തിൽനിന്നു കടത്തിയ ലോറിയുടെ പേരു മാറ്റി എംജിആർ എന്നാക്കി.

നെടുങ്കണ്ടം പൊലീസ് രണ്ടു ദിവസം മുൻപ് അറസ്റ്റു ചെയ്ത സംഘം ഇടുക്കി ജില്ലയിൽനിന്ന് ഒട്ടേറെ വാഹനങ്ങളാണു കടത്തിയതെന്നു പൊലീസ് പറഞ്ഞു. നാഗരാജ്, രമേശ്, ഷിജി വർഗീസ്, ഷൈജു കുട്ടപ്പൻ എന്നിവരാണു നാഗർകോവിലിൽനിന്ന് അറസ്റ്റിലായത്. തൊടുപുഴ, രാമക്കൽമെട്ട് എന്നിവിടങ്ങളിൽനിന്നു കടത്തിയ വാഹനങ്ങൾ നാഗപട്ടണത്ത് എത്തിച്ച് സംഘം പൊളിച്ചുവിറ്റു. കണ്ണൂർ സ്വദേശി രമേശ് മോഷ്ടിച്ച 16 വാഹനങ്ങൾ നാഗപട്ടണത്തു നാഗരാജിന്റെ വർക്‌ ഷോപ്പിൽ വിറ്റതായും പൊലീസ് കണ്ടെത്തി.

രമേശാണു മോഷണസംഘത്തിന്റെ സൂത്രധാരൻ. തമിഴ്നാട് ട്രാ‍ൻസ്പോർട്‌ കോർപറേഷന്റെയും കെഎസ്ആർടിസിയുടെയും കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ലേലത്തിൽ പിടിച്ചു പൊളിച്ചുവിൽക്കുന്ന ക്വട്ടേഷൻ നാഗരാജിനാണ്. നാഗരാജിന്റെ വർക് ഷോപ്പിൽ നൂറുകണക്കിനു വാഹനങ്ങളാണു കൂട്ടിയിട്ടിരിക്കുന്നത്. തമിഴ്നാട്ടിലെ പൊലീസ് സ്റ്റേഷനുകളിൽ കേസുള്ള നാഗരാജ് സിനിമ മേഖലയായും അടുത്ത ബന്ധമാണു പുലർത്തുന്നത്. നെടുങ്കണ്ടത്തുനിന്നു കടത്തിയ ലോറി നാഗപട്ടണത്തെ നാഗരാജിന്റെ വർക് ഷോപ്പിൽനിന്നാണു പൊലീസ് സംഘം കണ്ടെത്തിയത്.

നാഗരാജിന്റെ വർക്‌ ഷോപ്പിലെത്തുന്ന മോഷണവാഹനങ്ങളിൽ പഴയതു മാത്രമാണു പൊളിച്ചുവിൽക്കുന്നത്. തമിഴ്നാട് ട്രാൻസ്പോർട്‌ വാഹനങ്ങൾ പൊളിച്ചുവിൽക്കുന്നതിനിടയിൽ മോഷണവാഹനങ്ങളുടെ പാർട്സുകളും സംഘം ഘടിപ്പിക്കും. നെടുങ്കണ്ടത്തുനിന്നു മോഷണസംഘമെത്തിച്ച ടോറസ് ലോറിയുടെ പെയിന്റും എൻജിൻ നമ്പരും പേരും മാറ്റിയിരുന്നു. തമിഴ്നാട്ടിലെത്തിയപ്പോൾ ലോറിയുടെ പേര് എംജിആർ എന്നായി. കഴിഞ്ഞദിവസം അറസ്റ്റിലായ നാൽവർ സംഘം മോഷ്ടിച്ച നൂറുകണക്കിനു വാഹനങ്ങളാണു തമിഴ്നാട്, കർണാടക നിരത്തുകളിലൂടെ ഇപ്പോൾ ഓടുന്നത്.

രമേശും നാഗരാജും തമ്മിൽ വർഷങ്ങളായി സൗഹൃദത്തിലാണ്. ഇൗ അടുപ്പം മുതലെടുത്താണു നാഗരാജിനു രമേശ് വാഹനങ്ങൾ വിൽപന നടത്തിയിരുന്നത്. സിസി കുടിശിക, ഇൻഷുറൻസ്, ടാക്സ് രേഖകളില്ലാത്ത വാഹനങ്ങൾ വിലയ്ക്കു വാങ്ങിയശേഷം മുങ്ങുകയാണു സംഘത്തിന്റെ രീതി. വാഹനത്തിനു സിസി നൽകുന്നവർ റവന്യു റിക്കവറിക്കു വരുമ്പോഴാണ് ഉടമ വിവരമറിയുന്നത്. വാഹനങ്ങൾ വാങ്ങിയ ശേഷം രണ്ടുമാസം മാത്രം കൃത്യമായി ഉടമയ്ക്കു പണം നൽകും.

ഇതിനുശേഷം സംഘം സ്ഥലം വിടും. സിസിയുള്ള വാഹനങ്ങൾ ഉടമകൾ വിൽപന നടത്തുമ്പോൾ വിശദമായി അന്വേഷണം നടത്തണമെന്നു പൊലീസ് അറിയിച്ചു. സമാനരീതിയിലുള്ള നൂറുകണക്കിനു കേസുകളാണ് ഇടുക്കി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞദിവസം പിടിയിലായ സംസ്ഥാനാന്തര വാഹനമോഷണ സംഘത്തെ കേന്ദ്രീകരിച്ചു നെടുങ്കണ്ടം പൊലീസ് അന്വേഷണം ഊർജിതമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments