തിരക്കിട്ട ത്രിരാഷ്ട്ര സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചെത്തി. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയുടെ ഏറ്റവും തിരക്കിട്ട, ഏറ്റവും വേഗതയാര്‍ന്ന വിദേശ സന്ദര്‍ശനം എന്നാണ് ഈ സന്ദര്‍ശനത്തെ വിശേഷിപ്പിക്കാവുന്നത്.
ഏതാണ്ട് 95 മണിക്കൂറാണ് മോദി വിദേശത്തു ചെലവഴിച്ചത്. ഇതില്‍ 33 മണിക്കൂറും വിമാനത്തില്‍. ബാക്കിയുള്ള സമയത്ത് 33 കൂടിക്കാഴ്ചകള്‍. നയതന്ത്ര യാത്രയുടെ വിശ്രമമില്ലാത്ത മണിക്കൂറുകളായിരുന്നു മോദിയുടേത്. പോര്‍ച്ചുഗല്‍, അമേരിക്ക, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. ലിസ്ബണില്‍ നിന്ന് വാഷിങ്ടണിലേക്ക്, അവിടെ നിന്ന് ഹേഗിലേക്ക്. ദല്‍ഹിയില്‍ നിന്ന് ജൂലൈ 24ന് രാവിലെ ഏഴു മണിക്ക് പുറപ്പെട്ടു. പത്തു മണിക്കൂര്‍ യാത്രയ്ക്കു ശേഷം പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍.
താമസമൊരുക്കിയിരുന്ന ഹോട്ടലിലേക്ക് മോദി പോയില്ല. വിമാനത്താവളത്തിന്റെ വിവിഐപി റൂമില്‍ കുറച്ചു സമയം ചെലവിട്ട ശേഷം പോര്‍ച്ചുഗല്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക്.
തുടര്‍ച്ചയായ യോഗങ്ങള്‍ക്കും ഉച്ചഭക്ഷണത്തിനും ശേഷം ലിസ്ബണിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യല്‍. ആ വേദിയില്‍ നിന്ന് തിരികെ വിമാനത്താവളത്തിലേക്ക്.
അമേരിക്കയില്‍ രണ്ടു ദിവസത്തില്‍ പതിനേഴ് ചടങ്ങുകളിലാണ് മോദി പങ്കെടുത്തത്. രണ്ടാമത്തെ ദിവസം രാത്രി അമേരിക്കയില്‍ തങ്ങാതെ നെതര്‍ലന്‍ഡ്‌സിലേക്കു പുറപ്പെട്ടു. അവിടെ ഏഴു പരിപാടികളില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ 6.20ന് തിരിച്ചെത്തി.