നടിക്കെതിരെ നടന്ന അക്രമത്തെ കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് അമ്മ തയ്യാറല്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്.
അക്രമത്തെ കുറിച്ചും കേസിനെ കുറിച്ചും ജനറല്‍ ബോഡിയില്‍ ചര്‍ച്ച ഉണ്ടായില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതിയോ സംശയമോ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാം എന്ന് യോഗത്തില്‍ അറിയിച്ചെങ്കിലും ആരും ചോദ്യങ്ങള്‍ ഉന്നയിച്ചില്ല. അക്രമം നടന്ന സമയത്ത് എടുത്ത നിലപാട് തന്നെയാണ് ഇപ്പോളും സംഘടന സ്വീകരിക്കുന്നത്. കോടതിയില്‍ കേസ് നടക്കുന്ന കാര്യവുമായി ബന്ധപെട്ട് ഊഹാപോഹങ്ങള്‍ക്കും അനാവശ്യ പ്രതികരണങ്ങള്‍ക്കും സംഘടനയോ താരങ്ങളോ തയ്യാറല്ല.
അക്രമം സംബന്ധിച്ച് അറിഞ്ഞയുടന്‍ താന്‍ ആദ്യം വിളിച്ചത് മുഖ്യമന്ത്രിയെയാണ്. അക്രമം സംബന്ധിച്ച കേസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ട്. അത് നടിയും ശരിവെച്ചിട്ടുണ്ട്. അതിനാല്‍ അനാവശ്യ ചര്‍ച്ചകള്‍ക്കും പ്രതികരണങ്ങള്‍ക്കുമില്ല. മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളെ കുറിച്ച് യോഗം ചര്‍ച്ചചെയ്തെന്നും ഇന്നസെന്റ് പറഞ്ഞു. സിനിമ രംഗത്തെ സ്ത്രീകളുടെ സംഘടന വുമണ്‍ കളക്റ്റീവിന് പൂര്‍ണ പിന്തുണ നല്‍കും.
അമ്മയ്ക്കെതിരെയല്ല ഈ സംഘടന. സിനിമയിലെ സ്ത്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് വുമണ്‍ കളക്റ്റീവ് . ഈ സംഘടനയെ അംഗീകരിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ നടന്‍ ഗണേഷ്കുമാര്‍ പറഞ്ഞു.
നടിക്കെതിരായ അക്രമം സംബന്ധിച്ച് ആരേയും ഒറ്റപെടുത്തി ക്രൂശിക്കാന്‍ അനുവദിക്കില്ല. രണ്ട് പേരും അമ്മയുടെ മക്കളാണ് ഗണേഷ്കുമാര്‍ പറഞ്ഞു.
മോഹന്‍ലാല്‍, മമ്മൂട്ടി, മുകേഷ്, ദിലീപ്, ദേവന്‍, മണിയന്‍പിള്ള രാജു, കുക്കു പരമേശ്വരന്‍, ഗണേഷ്കുമാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.