പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. തൃശൂർ ഏങ്ങണ്ടിയൂർ പോളയ്ക്കൽ പങ്കൻതോട് കോളനിയിലെ വിനായൻ മരിച്ച സംഭവത്തിലാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയത്.
വിനായകിന് ക്രൂര പീഡനം ഏറ്റുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉണ്ടായിരുന്നു. തലക്കും, നെഞ്ചിലും മർദനമേറ്റതിന്റെയും കാലിലും ശരീരത്തിലും ബൂട്ട് ഉപയോഗിച്ച് ചവിട്ടിയതിന്റെയും പാടുകള്‍ ഉള്ളതായി റിപ്പോർട്ടിലുണ്ട്. വലത്തെ മുലഞെട്ടുകൾ പിടിച്ചുടച്ച നിലയിലും ശരീരം മുഴുവൻ മർദനമേൽക്കുകയും ചെയ്തു.
വിനായകിന്റെ ആത്മഹത്യ, പൊലീസ് നടത്തിയ കൊലപാതകമാണെന്ന ആക്ഷേപം ശക്തമായതിനിടെയാണ് പൊലീസ് മർദനം ഉറപ്പിക്കാവുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തായത്. 19 കാരനായ വിനായകിനെ മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനാണ് പാവറട്ടി പൊലീസ് പിടികൂടിയത്. ഇയാള്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ കൊടിയ മർദനം ഏൽക്കേണ്ടി വന്നതായി ഒപ്പമുണ്ടായിരുന്ന സുഹൃത്തും ബന്ധുക്കളും ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായി അസി. കമീഷണര്‍ റിപ്പോര്‍ട്ട് നൽകി.
സി.പി.ഒമാരായ ശ്രീജിത്ത്, സാജന്‍ എന്നിവരെ സസ്പെൻഡ് ചെയ്ത് തൽക്കാലം മുഖം രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് നൽകാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. വിനായകിനെ മർദിച്ചിട്ടില്ലെന്നും അച്ഛനെ വിളിച്ചു വരുത്തി പറഞ്ഞയെച്ചന്നുമായിരുന്നു പൊലീസ് വിശദീകരണം. ഇത് പൂർണമായും തള്ളുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതോടെ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി.