ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആവേശ ജയം. 550 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയെ 245 റണ്‍സിന് ഇന്ത്യ മടക്കുകയായിരുന്നു. ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ഗോളില്‍ ആതിഥേയര്‍ക്കെതിരെ 304 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.
രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 550 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക, കളി തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ 245 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ലങ്കയുടെ നിരയില്‍ ദിമുത് കരുണരത്നെക്കും ഡിക്ക് വെല്ലയ്ക്കും മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. കരുണരത്നെ സെഞ്ചുറിക്ക് മൂന്നു റണ്‍സകലെ പുറത്താവുകയായിരുന്നു. ഇന്ത്യയ്ക്കായി ജഡേജയും അശ്വിനും മൂന്ന് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
നേരത്തെ കളിയില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ച ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 309 റണ്‍സിന്റെ ലീഡുമായി എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സില്‍ ബാറ്റുചെയ്യുകയായിരുന്നു.
ആദ്യ ഇന്നിങ്സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റേയും (14), പൂജാരയുടേയും (15) വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായ ഇന്ത്യക്ക് മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റനും അഭിനവ് മുകുന്ദും നേടിയ 133 റണ്‍സിന്റെ കൂട്ടുകെട്ടാണ് മികച്ച സ്‌കോറിലെത്താന്‍ സഹായിച്ചത്. പൂജാര പുറത്തായതിനു പിന്നാലെ എത്തിയ മഴയെ തുടര്‍ന്ന് ഒരു മണിക്കൂര്‍ 24 മിനിറ്റ് കളി തടസ്സപ്പെട്ടു. നേരത്തെ അഞ്ചിന് 154 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ലങ്കക്ക് ഇന്ത്യന്‍ ബൗളിങ്ങിനെതിരെ ചെറുത്തുനില്‍ക്കാനായില്ല. ഒന്നാം ഇന്നിങ്സില്‍ ആതിഥേയര്‍ 291 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യ ഒന്നാമിന്നിങ്സില്‍ 600 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ മൂര്‍ച്ചയേറിയ ബൗളിങ്ങിന് മുന്നില്‍ ലങ്കന്‍നിരയില്‍ പിടിച്ചുനില്‍ക്കാനായത് ഉപുല്‍ തരംഗ, ദില്‍റുവന്‍ പെരേര, എയ്ഞ്ചലോ മാത്യൂസ് എന്നിവര്‍ക്ക് മാത്രമാണ്.