ഷിക്കാഗോ: ഷിക്കാഗോ പൊലീസ് ഡപ്യൂട്ടി ചീഫ് ഡിയോന്‍ ബോയ്ഡിനെ ചൊവ്വാഴ്ച രാവിലെ വെസ്റ്റ് സൈഡ് ഹൊമാന്‍ സ്ക്വയര്‍ ഫെസിലിറ്റിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷിക്കാഗോ പോലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗണ്‍ ആണ് മരണ വിവരം വെളിപ്പെടുത്തിയത്. ബോയ്ഡ് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂലൈ 15 നാണ ബോയ്ഡ് ഡെപ്യൂട്ടി ചീഫ് ഓഫ് ക്രിമിനല്‍ നെറ്റ്‌വര്‍ക്ക് ചുമതലയേറ്റത്. ഷിക്കാഗോ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സര്‍വീസിലിരിക്കെ ആത്മഹത്യ ചെയ്ത ഉയര്‍ന്ന റാങ്കിലുള്ള ആദ്യ ഓഫീസറാണ് ബോയ്ഡ്. സഹപ്രവര്‍ത്തകന്റെ മരണം ഞെട്ടലോടെയാണ് കേട്ടതെന്ന് ഷിക്കാഗോ പൊലീസ് ചീഫ് പറഞ്ഞു.
ഷിക്കാഗോ പൊലീസ് ചീഫായി ചുമതലയേറ്റപ്പോള്‍ തനിക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയത് ബോയ്ഡായിരുന്നു വെന്നു ഡേവിഡ് ബ്രൗണ്‍ പറഞ്ഞു. മുപ്പതു വര്‍ഷത്തെ സര്‍വീസുണ്ടായിരുന്ന ബോയ്ഡിന്റെ മരണത്തില്‍ ഷിക്കാഗോ മേയര്‍ ലോറി ലൈറ്റ് ഫുട്ട് അനുശോചനം അറിയിച്ചു. തന്നെ ഏല്പിച്ച ഉത്തരവാദിത്വം കൃത്യതയോടെ നിര്‍വഹിച്ചിരുന്ന വ്യക്തിയായിരുന്നു ബോയ്ഡ് എന്നും മേയര്‍ പറഞ്ഞു.
ഷിക്കാഗോ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് വര്‍ഷങ്ങളായി തലവേദന സൃഷ്ടിക്കുന്നതാണ് ഓഫീസര്‍മാരുടെ ആത്മഹത്യ. 2017 ല്‍ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടനുസരിച്ചു ഷിക്കാഗോയിലെ പൊലീസ് ഓഫീസര്‍മാരില്‍ ആത്മഹത്യ പ്രവണത ദേശീയ ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്നതാണെന്ന് ചൂണ്ടികാണിച്ചിരുന്നു.