ശബരിമലയിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹ്നാ ഫാത്തിമയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന പോലീസിന്റെ അപേക്ഷ പത്തനംതിട്ട കോടതി തള്ളി. രഹ്നയെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്റെ അപേക്ഷ. എന്നാല്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആവശ്യം തള്ളുകയായിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി രഹ്നയെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. രഹ്നയുടെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.
ഫേസ്ബുക്കില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിന് രഹ്നയ്‌ക്കെതിരെ ബി.ജെ.പി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണ മേനോനാണ് പരാതി നല്‍കിയത്. ഒക്ടോബര്‍ 20നു പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് രഹ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. ഇതിനുശേഷവും രഹ്നയെ അറസ്റ്റ് ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടി രാധാകൃഷ്ണ മേനോന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് പരിഗണിക്കാനിരിക്കമ്പോഴാണ് രഹ്നയുടെ അറസ്റ്റ്.
പത്തനംതിട്ട സി.ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളം പാലാരിവട്ടത്തെ ബി.എസ്.എന്‍.എല്‍ ഓഫീസിലെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഒന്നും സംഭവിക്കാത്തത് പോലെ നിന്നിരുന്ന രഹ്ന പിന്നീട് തന്നെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തപ്പോൾ പൊട്ടിക്കരഞ്ഞു. ജയിലിലെത്തിയപ്പോള്‍ സഹതടവുകാര്‍ കൂകി വിളിച്ചപ്പോൾ രഹ്നയുടെ സങ്കടം ഇരട്ടിച്ചു. പിന്നീട് മൗനവ്രതത്തിലാവുകയും ചെയ്തു. റിമാന്‍ഡ് ചെയ്തതോടെ രഹ്നയെ ബി എസ് എന്‍ എല്‍ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.