പൊലീസുകാരന്റെ മകന്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

0
24


പൊലീസുകാരന്റെ മകന്‍ ഗണേശോത്സവത്തിനിടെ ഭണ്ഡാരം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടക ഹുബ്ലിയിലാണ് സംഭവം. ഗഗന്‍ദീപ് ഗൗതം റാത്തോഡ് എന്ന യുവാവാണ് അറസ്റ്റിലായത്. ഹുബ്ലി നോര്‍ത്തിലെ ട്രാഫിക് പൊലീസ് ഓഫീസര്‍ ഗൗതം റാത്തോഡിന്റെ മകനാണ് ഗഗന്‍ദീപ്.ഓഗസ്റ്റ് 27 നായിരുന്നു മോഷണം. ഗണേശോത്സവത്തിന്റെ ഭാഗമായി നഗരത്തില്‍ സ്ഥാപിച്ച താല്‍ക്കാലിക വേദിയിലെ ഭണ്ഡാരമാണ് ഇയാള്‍ കവര്‍ന്നത്. ഭക്തര്‍ക്ക് പണം നിക്ഷേപിക്കാന്‍ ഗണേശ വിഗ്രഹത്തിന്റെ മുന്‍പിലായാണ് ഭണ്ഡാരം സ്ഥാപിച്ചിരുന്നത്.ഇതാണ് ഗഗന്‍ദീപ് തന്ത്രപൂര്‍വം മോഷ്ടിച്ചത്. ഭക്തരോ നടത്തിപ്പുകാരോ ഇല്ലാതിരുന്ന സമയത്താണ് ഗഗന്‍ദീപ് പ്രവേശിച്ചത്. ആരുമില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം, ധരിച്ചിരുന്ന ഓവര്‍കോട്ട് ഊരി ഇയാള്‍ ഭണ്ഡാരം പൊതിഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നുമറിയാത്ത പോലെ മടങ്ങുകയും ചെയ്തു. എന്നാല്‍ സിസിടിവിയുള്ള കാര്യം ഗഗന്‍ദീപിന് അറിയുമായിരുന്നില്ല. ഇയാളുടെ ഓരോ നീക്കങ്ങളും ക്യാമറയില്‍ പതിഞ്ഞു. ഇതോടെ പൊലീസിന് കാര്യങ്ങള്‍ എളുപ്പമായി. ഇയാളെ തേടിപ്പിടിച്ച്‌ അറസ്റ്റ് ചെയ്തതോടെയാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണെന്ന് വ്യക്തമായത്. തിരക്കുള്ള മേഖലയയിലെ ഈ പ്രത്യേക ഗണേശോത്സവ വേദിയിലേക്ക് നിരവധി ഭക്തര്‍ എത്തുകയും വന്‍ തുകകള്‍ നിക്ഷേപിക്കുകയും ചെയ്യുന്നത് പതിവാണ്. ഇത് മുന്‍കൂട്ടി കണ്ടാണ് ഗഗന്‍ദീപ് മോഷണ പദ്ധതിയിട്ടത്.