ആള്‍ദൈവം ഗുര്‍മീത് റാം റഹീം ജയിലിലായതോടെ ഗൂര്‍മീതിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാര്‍ വെട്ടില്‍. ആള്‍ദൈവം അഴിക്കുള്ളില്‍ ആയതോടെ പത്ത് മലയാളികള്‍ അടക്കുള്ള ജീവനക്കാരാണ് വെട്ടിലായിരിക്കുന്നത്. ഗുര്‍മീതിന്റെ ഹാകികാത് എന്റര്‍ടെയ്ന്‍മെന്റ്സിലെ ജീവനക്കാരാണിവര്‍. ശമ്പളം കിട്ടാതെ ഭക്ഷണത്തിന് പോലും നിവൃത്തിയില്ലാതെ ഇവര്‍ ഹരിയാനയില്‍ കുടുങ്ങിയിരിക്കുകയാണ്.
ഗുര്‍മീതിനെതിരായ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. പലയിടത്തും ഭക്ഷണമോ വെള്ളമോ പോലും കിട്ടാനില്ലെന്ന് കമ്പനിയിലെ ജീവനക്കാരായ മലയാളികള്‍ പറഞ്ഞു. സിര്‍സയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്തിന് സമീപത്ത് തന്നെയാണ് സിനിമാ നിര്‍മ്മാണ കമ്പനിയുടെ ആസ്ഥാനവും പ്രവര്‍ത്തിക്കുന്നത്. ഗുര്‍മീതിന്റെ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തിന് ശേഷം ഓണ്‍ലൈന്‍ ഗുരുകുല്‍ എന്ന ചിത്രത്തിന്റെ സാങ്കേതിക ജോലികളിലാണ് അണിയറ പ്രവര്‍ത്തകര്‍.
മറ്റ് കമ്പനികളില്‍ ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിച്ചിരുന്ന മലയാളികള്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകരെ വന്‍ ശമ്പളം വാഗ്ദാനം ചെയ്താണ് ഗുര്‍മീതിന്റെ കമ്പനിയില്‍ എത്തിച്ചത്. സി.പി അറോറ, ജോണി ഇന്‍സാന്‍ എന്നിവര്‍ക്കാണ് സിനിമാ കമ്പനിയുടെ ചുമതല. ഗുര്‍മീത് ഇടയ്ക്ക് ഇവിടം സന്ദര്‍ശിച്ചിരുന്നു, എന്നാല്‍ ജീവനക്കാരുമായി അടുത്തിടപഴകിയിരുന്നില്ല.
ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസം വരെ ശമ്പളം ലഭിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചയോടെ ദേര സച്ചാ അധികൃതര്‍ ജീവനക്കാരെ വിളിച്ച് ഇനി ജോലിയില്ലെന്ന് അറിയിക്കുകയായിരുന്നു. ദേര സച്ചയുടെ സ്വത്ത് കണ്ടുകെട്ടിയെന്നും പിരിഞ്ഞു പോകണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഇതോടെ വാടക കൊടുക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ജീവനക്കാര്‍.