Tuesday, April 30, 2024
HomeInternationalയു എ ഇ, കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമത്തില്‍ വിമാനങ്ങള്‍

യു എ ഇ, കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമത്തില്‍ വിമാനങ്ങള്‍

യു എ ഇയുടെ ആകാശത്ത് കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമത്തില്‍ വിമാനങ്ങള്‍ വട്ടമിട്ടുപറക്കുന്നു. ആകാശത്ത് മേഘങ്ങള്‍ നിറഞ്ഞതോടെയാണ് കൃത്രിമ മഴ പെയ്യിക്കാനുള്ള വിമാനങ്ങള്‍ വട്ടമിട്ടുതുടങ്ങിയത്. ശനിയാഴ്ച മാത്രം പത്ത് തവണയാണ് വിമാനങ്ങള്‍ കൃത്രിമ മഴക്ക് വേണ്ടി ശ്രമം നടത്തിയത്. ഞായറാഴ്ചയും ഇത് തുടര്‍ന്നു. അഞ്ച് വിമാനങ്ങളിലായി ഈ വര്‍ഷം ഇതുവരെ 235 തവണ മഴ പെയ്യിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. അല്‍ ഐന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിമാനങ്ങളാണ് യജ്ഞത്തില്‍ പങ്കെടുക്കുന്നത്. പഞ്ഞിക്കെട്ടുപോലെ രൂപപ്പെടുന്ന മേഘപാളിയിലേക്ക് ഉപ്പ് പരലുകള്‍ വിതറുകയാണ് വിമാനങ്ങള്‍ ചെയ്യുന്നത്. റഡാറുകളുടെയും ഉപഗ്രഹങ്ങളുടെയും സഹായത്തോടെയാണ് ഈ മേഘങ്ങളെ കണ്ടെത്തുക. മേഘം രൂപപ്പെട്ടു തുടങ്ങുന്നതോടെ വിമാനവും വൈമാനികനും സജ്ജമാകാനുള്ള നിര്‍ദേശം നാഷണല്‍ സെന്റര്‍ ഫോര്‍ മീറ്ററോളജി (എന്‍സിഎം) നല്‍കും. ഏത് പ്രദേശത്താണ് മഴ പെയ്യിക്കേണ്ടതെന്നും വ്യക്തമാക്കും. ഇവിടെ എത്തുമ്പോള്‍ വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണത്തിലൂടെ മേഘത്തിനിടയിലേക്ക് ഉപ്പ് പരലുകള്‍ നിറയൊഴിക്കും. ഇവ ജ്വലിക്കുമ്പോള്‍ ജലകണങ്ങള്‍ ഘനീഭവിച്ച് ഐസ് രൂപപ്പെടുകയും തുടര്‍ന്ന് മഴ പെയ്യുകയുമാണ് ചെയ്യുന്നത്. വെള്ളിയാഴ്ച തുടങ്ങിയ അസ്ഥിര കാലാവസ്ഥ ഇപ്പോഴും തുടരുകയാണ്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് മഴ ശക്തമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ എത്ര മഴ പെയ്തുവെന്നതിന്റെ കണക്ക് എന്‍സിഎം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. മഴ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ പര്‍വ്വതപ്രദേശങ്ങളിലാണ് കൂടുതലും നടന്നത്. സ്വഭാവിക ഉപ്പ് മാത്രമാണ് കൃത്രിമ മഴക്ക് ഉപയോഗിക്കുന്നതെന്നും അത് പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ദോഷകരമല്ലെന്നും എന്‍സിഎമ്മിലെ ഡോ. അഹമ്മദ് ഹുബൈബ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments