മക്കളുടെ സാന്നിധ്യത്തില്‍ അച്ഛനും അമ്മയും വിവാഹം കഴിച്ചു. വീടിനുള്ളില്‍ ഒരുക്കിയ വിവാഹ വേദിയിലേക്ക് വിവാഹ വേഷത്തില്‍ മുല്ലപ്പൂവും ചൂടി കല്ല്യാണ പെണ്ണായി അമ്മ എത്തുന്നതും അച്ഛന് അമ്മയ്ക്ക് താലി ചാര്‍ത്തുന്നതും കണ്ടിരുന്ന കുട്ടികള്‍ക്ക് ബോറടിച്ചു.വിവാഹ മാല അന്യോനം കൈമാറുമ്പോള്‍ അവര്‍ ഇടയ്ക്ക് കയറി ശാഠ്യം പിടിക്കുന്നതുള്‍പ്പെടെയുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തമിഴ്നാട് സ്വദേശികളായ ദീപയും ബൈജുവുമാണ് വ്യത്യസ്തമായ വിവാഹത്തിലൂടെ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കയില്‍ ജോലി ചെയ്ത് വരികയാണ് ഈ ദമ്പതികള്‍. ഇതിനിടയില്‍ ഒരു മകനും മകളും പിറന്നു.
കുട്ടികള്‍ക്ക് തമിഴ് സംസ്കാരവും വിവാഹ രീതികളും പരിചയപ്പെടുത്തി കൊടുക്കുവാന്‍ വേണ്ടിയായിരുന്നു ഇവരുടെ ഈ പുതുമ നിറഞ്ഞ ശ്രമം. ആദ്യ വിവാഹത്തില്‍ തങ്ങള്‍ക്ക് ലഭിക്കാതെ പോയ സുവര്‍ണ്ണ നിമിഷങ്ങളെ വീണ്ടെടുക്കുക എന്ന ഉദ്ദ്യേശം കൂടി ദീപയ്ക്കും ബൈജുവിനും ഉണ്ടായിരുന്നു. കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചത. അന്ന് വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.തങ്ങള്‍ക്ക് നഷ്ടപ്പെട്ട് പോയ ആ മനോഹര നിമിഷങ്ങളെ പുനര്‍ സൃഷ്ടിക്കുക എന്നതും ദമ്പതികളെ രണ്ടാമതും വിവാഹം കഴിക്കാം എന്ന ഒരു തീരുമാനത്തിലേക്ക് നയിച്ചു. അകന്നു കഴിഞ്ഞിരുന്ന തങ്ങളുടെ ഉറ്റവരുടെ സ്നേഹം വീണ്ടും തിരിച്ച് കിട്ടാനും ഈ വിവാഹം സഹായകരമായതായി ദീപ പറയുന്നു.