Tuesday, April 30, 2024
HomeKeralaശബരിമല: സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി പന്തളം രാജകുടുംബം

ശബരിമല: സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി പന്തളം രാജകുടുംബം

കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ മാധ്യമങ്ങളോട്…

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി പന്തളം രാജകുടുംബം. ശബരിമലയില്‍ ഇതുവരെ എത്തിയ യുവതികള്‍ വിശ്വാസത്തോടെ വന്നവരല്ല. ക്ഷേത്രത്തിന്റെ പരിപാവനത തകർക്കാൻ ആരോ അയച്ചവരെ പോലെയാണ് സ്ത്രീകൾ എത്തിയത് – കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ മാധ്യമങ്ങളോട് പറഞ്ഞു. യുവതികൾ ശബരിമലയിൽ പ്രവേശിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടിയെടുക്കണം.

സുപ്രീംകോടതി വിധി ചോദ്യം ചെയ്യാനാകില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് തെറ്റാണ്. സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനോട് സംസാരിച്ചിട്ട് കാര്യമില്ല. എന്നാല്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ മറക്കരുത്. 1949 ല്‍ തിരുവിതാംകൂര്‍ രാജാവുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ട കവനന്റ് ഉടമ്പടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാനാകും. അത്തരത്തിലുള്ള ഘട്ടങ്ങളിലേക്ക് കടക്കാന്‍ കൊട്ടാരത്തിന് മടിയില്ല. നാളെ നട അടച്ചിടും. അതിനു ശേഷം ക്ഷേത്രത്തില്‍ ചെയ്യേണ്ട പരിഹാരക്രിയകളെ കുറിച്ച്‌ പറയാമെന്നും ശശികുമാര വര്‍മ്മ പറഞ്ഞു .

പത്ത് യുവതികളാണ് മല കയറാന്‍ ശ്രമിച്ചത്

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മൊത്തം പത്ത് യുവതികളാണ് മല കയറാന്‍ ശ്രമിച്ചത്. എന്നാല്‍ ഭക്തരുടെ പ്രതിഷേധവും നാമജപ സമരവും ഒക്കെ കാരണം ഇവരില്‍ ആര്‍ക്കും തന്നെ സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. തെലങ്കാന സ്വദേശി മാധവി, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ്, രഹ്ന ഫാത്തിമ, മാധ്യമപ്രവര്‍ത്തക കവിത, തിരുവനന്തപുരം സ്വദേശിനി മേരി സ്വീറ്റി, ദളിത് നേതാവ് മഞ്ജു, ഇന്ന് മല കയറാന്‍ ശ്രമിച്ച ബാലമ്മ പിന്നീടെത്തിയ മൂന്ന് യുവതികള്‍ എന്നിവരാരും തന്നെ നടപന്തല്‍ കടന്നില്ല.

അണപൊട്ടിയ ഭക്ത രോഷത്തിന് മുന്നില്‍ പൊലീസ്

ശക്തമായ ഭക്ത പ്രതിഷേധം തന്നെയാണ് വലിയ സുരക്ഷ പൊലീസ് ഒരുക്കിയിട്ടും ഇവര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്തതിന്റെ കാരണം. കാര്യങ്ങള്‍ കൈവിട്ട് പോകും എന്ന ബോധ്യം വന്നപ്പോഴാണ് സര്‍ക്കാരും പൊലീസിനോട് വരുന്നവരോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കണം എന്ന സന്ദേശം നല്‍കിയത്. ആദ്യ രണ്ട് ദിവസങ്ങളും പൊലീസ് സുരക്ഷയൊരുക്കിയെങ്കിലും പിന്നീട് അങ്ങോട്ട് ആ താല്‍പര്യം പൊലീസിനും ഉണ്ടായില്ല. കോടതി വിധി നടപ്പിലാക്കുക എന്ന ബാധ്യതയുണ്ടെങ്കിലും അണപൊട്ടിയ ഭക്ത രോഷത്തിന് മുന്നില്‍ അതൊന്നും വിലപ്പോയില്ല.ആദ്യ ദിനം നിലയ്ക്കലില്‍ ഉണ്ടായ സംഘര്‍ഷം ഭക്തര്‍ എത്തുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍ മുതല്‍ പ്രക്ഷോഭകാരികള്‍ തടഞ്ഞ് പരിശോധിച്ചതിനാലായിരുന്നു.

ഇതിന് ശേഷം നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പിന്നീട് കൂടുതല്‍ യുവതികള്‍ എത്തുന്നതനുസരിച്ച്‌ പ്രതിഷേധവും കൂടുതല്‍ ഭക്തര്‍ എത്തുകയും ചെയ്തതോടെ നട അടയ്ക്കുന്നത് വരെ 144 തുടരാന്‍ തീരുമാനിക്കുകയായിരുന്നു.ഇന്നും 50 തികയാത്ത സ്ത്രീ ശബരിമലയിലെത്തി. ബാലമ്മയെന്ന 47കാരിയാണ് അതീവ രഹസ്യമായി നടപ്പന്തലിലെത്തിയത്. നീലിമല കയറിയെത്തിയെ ഇവരെ നടപ്പന്തലില്‍ ഭക്തര്‍ തിരിച്ചറിഞ്ഞു. ഇതോടെ പ്രതിഷേധവും ശരണം വിളികളും തുടങ്ങി.ഇതോടെ പൊലീസെത്തി ബാലമ്മയ്ക്ക് ചുറ്റും സംരക്ഷണ വലയം തീര്‍ത്തു.

മന്ത്രി എംഎം മണിയും രാജകുടുംബവും തമ്മില്‍ തുറന്ന പോര്

പ്രതിഷേധത്തിന്റെ ശക്തി കണ്ട ബാലമ്മ ബോധരഹിതയുമായി. സന്നിധാനം ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികില്‍സ നല്‍കി ഇവരെ ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സില്‍ മലയിറക്കി. ഇതോടെ പതിനെട്ടാംപടി ചവിട്ടാനുള്ള ബാലമ്മയുടെ ആഗ്രഹവും നടക്കാതെ പോയി. സര്‍ക്കാര്‍ നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് പന്തളം രാജ കുടുംബവും തന്ത്രി കുടുംബവും. സര്‍ക്കാരിന് ദാഷ്ട്യമാണെന്നും ചര്‍ച്ച ചെയ്തിട്ടും കാര്യമില്ലെന്ന് അവര്‍ പറയുമ്ബോള്‍ ഇത് രാജ ഭരണമല്ലെന്നും നടയടയ്ക്കും എന്ന പറയാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും വെറും ശമ്ബളക്കാര്‍ മാത്രമാണ് തിരുമേനിയെന്നും മന്ത്രി എംഎം മണി പ്രസ്താവനയില്‍ പറയുകയും ചെയ്തതോടെ കാര്യങ്ങള്‍ തുറന്ന പോരിലേക്ക് എത്തി. രാജകുടുംബത്തിന് ക്ഷേത്രത്തില്‍ അവകാശമില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് ശശി കുമാര വര്‍മ പറഞ്ഞതോടെയാണ് മന്ത്രിയും രാജകുടുംബവും തമ്മില്‍ തുറന്ന പോര് തുടങ്ങിയത്.

എവിടെയാണ് പൊലീസിന് വീഴ്‌ച്ച പറ്റിയതെന്ന് പരശോധിക്കും

മണ്ഡലകാലത്ത് ശബരിമലയില്‍ ക്രമസമാധാനം പരിപാലിക്കുന്നത് പേലീസ് സേനയെ സംബന്ധിച്ച്‌ വലിയ വെല്ലുവിളിയാണെന്ന് ഡി.ജി.പി ലോകനാഥ് ബഹ്‌റ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയില്‍ സുരക്ഷക്കായി നിയോഗിച്ചത്. എന്നാല്‍ എവിടെയാണ് പൊലീസിന് വീഴ്‌ച്ച പറ്റിയതെന്ന് പരശോധിക്കമെന്നും നടയടച്ച ശേഷം പൊലീസിന്റെ നടപടികള്‍ വിലയിരുത്തുമെന്നും ബഹ്‌റ പ്രതികരിച്ചു. ശബരിമലയിലെ സുരക്ഷാ പ്രശ്നങ്ങളുടെ നിജസ്ഥിതി സുപ്രീംകോടതിയെ അറിയിക്കാനും പൊലീസ് തീരുമാനിച്ചതായാണ് സൂചന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments