Tuesday, April 30, 2024
HomeKeralaവനിതാ മതില്‍ വിജയിപ്പിക്കേണ്ടത‌് എസ‌്‌എന്‍ഡിപി യോഗത്തിന്റെ കടമ-വെള്ളാപ്പള്ളി

വനിതാ മതില്‍ വിജയിപ്പിക്കേണ്ടത‌് എസ‌്‌എന്‍ഡിപി യോഗത്തിന്റെ കടമ-വെള്ളാപ്പള്ളി

വനിതാ മതില്‍ വിജയിപ്പിക്കേണ്ടത‌് എസ‌്‌എന്‍ഡിപി യോഗത്തിന്റെ കടമയാണെന്ന‌് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുമ്പോൾ നവോത്ഥാനമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ‌്. വനിതാ മതില്‍ വിജയിപ്പിക്കുന്നതിനായി ചേര്‍ന്ന എസ‌്‌എന്‍ഡിപി നേതൃയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതില്‍ പരാജയമാകുമെന്ന തരത്തില്‍ ആശങ്കയുടെ വിത്ത‌് വിതയ‌്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട‌്. ഒരുസംശയവും വേണ്ട, മതില്‍ വന്‍വിജയമാകും. ശ്രീനാരായണഗുരുദേവന്‍ അരുവിപ്പുറത്ത‌് ശിവപ്രതിഷ്‌ഠ നടത്തിയാണ‌് നവോത്ഥാനത്തിന‌് തുടക്കമിട്ടത‌്. ഇൗമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എസ‌്‌എന്‍ഡിപി പ്രതിജ്ഞാബദ്ധമാണ‌്. യോഗവുമായി ബന്ധപ്പെട്ട സംഘടനകളിലെ മുഴുവന്‍ വനിതകളും മതിലില്‍ അണിചേരും. വനിതാസംഘത്തിന്റെയും ശാഖകളുടെയും നേതൃത്വത്തില്‍ വനിതകളെ അണിനിരത്തും. സമുദായത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന‌ും വനിതകളെ പങ്കെടുപ്പിക്കും.

വനിതാ മതിലില്‍ പങ്കെടുക്കാതെ മാറിനിന്നാല്‍ ചരിത്രപരമായ അവഹേളനമാകും. നവോത്ഥാനം സംരക്ഷിക്കണമെന്ന‌് ആഗ്രഹിക്കുന്ന മുഴുവന്‍ സംഘടനകളും അണിചേരണം. അതില്‍ ജാതിയോ മതമോ വര്‍ഗമോ വര്‍ണമോ പ്രശ‌്നമല്ല. സര്‍ക്കാര്‍ മുന്നോട്ടുവച്ചത‌് നല്ല ആശയമായതിനാലാണ‌് പിന്തുണയ‌്ക്കുന്നത‌്. കേന്ദ്രസര്‍വകലാശാലക്ക‌് ഗുരുദേവന്റെ പേരിടാമെന്ന‌് പ്രധാനമന്ത്രി സമ്മതിച്ചിട്ടും നടന്നില്ല. ബിഡിജെഎസ‌് വനിതാ മതിലിനെ എതിര്‍ത്തിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments