ഓഖി സമയത്ത് കടപ്പുറത്തു വാഹനം ഉപേക്ഷിച്ചു പോയശേഷം പിണറായി വിജയന്റെ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോടു പ്രതികാര മനോഭാവത്തോടെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ തീരപ്രദേശത്തിന്റെ വേദന കാണുന്നില്ലെന്നും ഏതൊരു സമരത്തെയും മത്സ്യത്തൊഴിലാളികളുമായി ഉപമിക്കുന്നത് സിപിഎം നേതാക്കളുടെ സ്ഥിരം പരിപാടിയായി മാറിക്കഴിഞ്ഞെന്നും ചെന്നിത്തല കുറപ്പെടുത്തി.
ഓഖി ദുരന്തമുണ്ടായപ്പോള്‍ 20 മിനിറ്റുകൊണ്ടെത്താവുന്ന ദൂരത്ത് എത്തിച്ചേരാന്‍ മുഖ്യമന്ത്രിക്ക് ദിവസങ്ങള്‍ തന്നെ എടുത്തു. അന്നു കടപ്പുറത്തുനിന്ന് ഒൗദ്യോഗിക വാഹനം ഉപേക്ഷിച്ചു പോയ ശേഷം മത്സ്യത്തൊഴിലാളികളോട് പ്രതികാരമെന്ന പോലെയാണു സര്‍ക്കാരിന്റെ പെരുമാറ്റം. കടല്‍ക്ഷോഭം മൂലം തീരം മുഴുവന്‍ ഭീതിയിലാണ്. കടല്‍ഭിത്തി കെട്ടണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടിട്ടും കണ്ണടച്ച സര്‍ക്കാര്‍ തീരപ്രദേശത്തിന്റെ വേദന കാണുന്നതേയില്ല. മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാകുന്ന കാര്യം ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ പങ്കെടുത്തവര്‍ എല്ലാവരും ചൂണ്ടിക്കാട്ടിയപ്പോള്‍ മത്സ്യതൊഴിലാളികള്‍ക്ക് മൃഷ്ടാന്നം നല്‍കാനാവില്ല എന്ന മറുപടിയാണ് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്- ചെന്നിത്തല പറഞ്ഞു.
നാലു മത്സ്യത്തൊഴിലാളികള്‍ മരണത്തോടു മല്ലിട്ടു മൂന്നു ദിവസം കടലില്‍ കഴിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തനം ഉൗര്ജിതമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ തങ്ങളെ രക്ഷപെടുത്താന്‍ തീരാ സംരക്ഷണ സേനയോ തീരദേശ പോലീസോ മറൈന്‍ എന്ഫോഴ്സോ എത്തിയില്ലെന്ന് സ്വന്തം പ്രയത്നം കൊണ്ട് രക്ഷപ്പെട്ടെത്തിയ ബെന്നി പറയുന്നു. മഹാപ്രളയത്തില്‍നിന്നു കേരളത്തെ കരകയറ്റിയ മത്സ്യത്തൊഴിലാളികളോട് അവഗണനയ്ക്കു പുറമെ ആക്ഷേപം കൂടി ചൊരിയരുതെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
കഐസ്യു സമരത്തെ മീന്‍കച്ചവടക്കാരുടെ സമരം എന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവന് പറഞ്ഞത്. ഏതൊരു സമരത്തെയും മത്സ്യത്തൊഴിലാളികളുമായി ഉപമിക്കുന്നത് ഇടത് മന്ത്രിമാരടക്കം സിപിഎം നേതാക്കളുടെ സ്ഥിരം പരിപാടിയായി മാറിക്കഴിഞ്ഞു. മസാലബോണ്ട് ആരോപണമുന്നയിച്ചപ്പോള്‍ മത്തിക്കച്ചവടവുമായിട്ടാണ് തോമസ് ഐസക് താരതമ്യം ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.