സ്റ്റേഷനില്‍ കയറി യുവതി എസ് ഐയെ അക്രമിച്ചു പരിക്കേൽപിച്ചു

kannur police station attack

കണ്ണൂര്‍ പഴയങ്ങാടിയില്‍ സ്റ്റേഷനില്‍ കയറി യുവതി എസ് ഐയെ അക്രമിച്ചു. പഴയങ്ങാടി എസ് ഐ വിനു മോഹനു നേരെയായിരുന്നു യുവതിയുടെ ആക്രമണം. സ്റ്റേഷനിലേക്കെത്തിയ യുവതി ജനാലകള്‍ തല്ലിത്തകര്‍ക്കുകയും എസ് ഐ ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ എസ് ഐ വിനു മോഹനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാസര്‍കോട് ഉദുമ ബാരയിലെ കെ. ദിവ്യയാണ് ആക്രമണം നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് 12.40 നായിരുന്നു സംഭവം. പഴയങ്ങാടി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹന്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ലീന എന്നിവരെയാണ് ദിവ്യ ആക്രമിച്ചത്.പഴയങ്ങാടി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറുടെ മുറിയില്‍ ഇരിക്കുകയായിരുന്നു ബിനുമോഹന്‍. പെട്ടന്ന് വാതില്‍ തള്ളിത്തുറന്ന് ദിവ്യ അകത്തു കടന്നു. തടയാന്‍ ശ്രമിച്ച സിവില്‍ പോലീസ് ഓഫീസര്‍ ലീനയെ തള്ളിമാറ്റിയാണ് ഇവര്‍ അകത്ത് കടന്നത്. തുടര്‍ന്ന് ബിനുമോഹന്റെ യൂണിഫോമില്‍ പിടിച്ചുവലിച്ച്‌ അടിക്കുകയും പേപ്പര്‍ വെയ്‌റ്റെടുത്ത് എറിയുകയും ചെയ്തു. ഏറുകൊണ്ട് സ്റ്റേഷനിലെ അലമാരയുടെ ചില്ലുകള്‍ തകര്‍ന്നു. മുറിയാകെ അലങ്കോലമായി. ബിനുമോഹനും ലീനയ്ക്കും പരിക്കേറ്റു. ദിവ്യയ്‌ക്കെതിരെ തളിപ്പറമ്ബ് പോലീസ് സ്‌റ്റേഷനില്‍ കേസുണ്ട്. കുടുംബവഴക്കുമായി ബന്ധപ്പെട്ടാണ് കേസുള്ളത്. അന്ന് തളിപ്പറമ്ബ് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്നു ബിനുമോഹന്‍. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞാണ് ദിവ്യ പഴയങ്ങാടി സ്റ്റേഷനിലെത്തിയത്. എന്നാല്‍ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനാല്‍ വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ സംസാരിക്കാന്‍ സാധിക്കൂവെന്ന് ബിനുമോഹന്‍ അറിയിച്ചു. ഇതോടെയാണ് ദിവ്യ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്നതെന്നും പോലീസ് രേഖയില്‍ പറയുന്നു. തുടര്‍ന്ന് ദിവ്യയെ അറസ്റ്റ് ചെയ്ത് കേസെടുത്തു. എസ്‌ഐയേയും വനിതാ പോലീസിനെയും കൈയേറ്റം ചെയ്യല്‍, ഓഫീസില്‍ അതിക്രമിച്ച്‌ കടക്കല്‍, ഉപകരണങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.