കരുത്തുറ്റ ലോക നേതാക്കളുടെ പട്ടികയില്‍ മോദി ഒൻപതാമൻ

ലോകത്തിലെ ഏറ്റവും കരുത്തുറ്റ നേതാക്കളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് ഇടംപിടിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട കരുത്തുറ്റ നേതാക്കളുടെ പട്ടികയിലാണ് മോഡിപ്രഭാവം ആദ്യ പത്തില്‍ ഇടം നേടിക്കൊടുത്തത്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഷിചിന്‍പിങ് ഒന്നാമനായി.

വേള്‍ഡ്‌സ് മോസ്റ്റ് പവര്‍ഫുള്‍ പീപ്പിള്‍ വിഭാഗത്തില്‍ ഫോബ്‌സ് പുറത്തുവിട്ട 75 പേരുടെ പട്ടികയില്‍ മോഡിക്കു താഴെയാണു ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ്(13), ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ(14), ചൈനീസ് പ്രധാനമന്ത്രി ലി കെ ചിയാങ്(15), ആപ്പിള്‍ സിഇഒ ടിം കുക്ക്(24) എന്നിങ്ങനെയാണ് സ്ഥാനം.412 കോടി ഡോളര്‍ വരുമാനവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി മാത്രമാണു മോഡിയെ കൂടാതെ പട്ടികയില്‍ ഇടംപിടിച്ചത്. 32-ാമനായാണ് മുകേഷ് അംബാനി ടീമില്‍ ഇടംനേടിയത്. മൈക്രോസോഫ്റ്റിന്റെ ഇന്ത്യന്‍ വംശജനായ സിഇഒ സത്യനാദല്ല നാല്‍പതാം സ്ഥാനത്തും എത്തി.

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യത്തില്‍ മോഡിക്കുള്ള ജനസമ്മതിയാണ് കരുത്തുറ്റ ലോകനേതാക്കളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ കാരണമായത്. കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കനായി 2016 നവംബറില്‍ നടപ്പാക്കിയ നോട്ടുനിരോധനത്തേയും ഫോബ്‌സ് മോദിയുടെ നേട്ടമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യന്‍ ടെലികോം മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്കിടയാക്കിയ റിലയന്‍സ് ജിയോയുടെ 4ജി വിജയമാണു മുകേഷ് അംബാനിക്കു പട്ടികയില്‍ ഇടംനേടിക്കൊടുത്തതത്.പട്ടികയില്‍ മൂന്നാം സ്ഥാനത്ത് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആണ്. ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നാലാമതും ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ(6) മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്(7), ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോ(12)ആലിബാബ തലവന്‍ ജാക്ക് മാ(21), ടെസ്ല ചെയര്‍മാന്‍ ഇലന്‍ മസ്‌ക്(25) യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്(31), ഉത്ത രകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍(36) എന്നിവരും പട്ടികയിലുണ്ട്. ഐഎസ് ഭീകരസംഘടനയുടെ തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയാണ് 73-ാം സ്ഥാനത്ത്.