ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നതിനുള്ള കരാര്‍ ചൈനക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്

rupees 2000

ഇന്ത്യന്‍ കറന്‍സി ഇനി ചൈനയില്‍ അടിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കറന്‍സി അച്ചടിക്കുന്നതിനുള്ള കരാര്‍ ചൈനയുടെ ബാങ്ക്‌നോട്ട് പ്രിന്റിങ് ആന്‍ഡ് മൈനിങ് കോര്‍പ്പറേഷന് ലഭിച്ചതായി റിപ്പോര്‍ട്ട്. സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്ത കാലം വരെ ചൈന വിദേശരാജ്യങ്ങളുടെ കറന്‍സികള്‍ അച്ചടിച്ചിരുന്നില്ല. എന്നാല്‍ പുതിയ പദ്ധതികള്‍ മനസില്‍ കണ്ടാണ് ചൈനയുടെ നീക്കങ്ങള്‍. 2013 ഓടെ ദക്ഷിണേഷ്യ, മധ്യേഷ്യ, ഗള്‍ഫ് മേഖല, ആഫ്രിക്ക, യൂറോപ്പ്, എന്നിവിടങ്ങളിലെ രാജ്യങ്ങളുമമായി ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ചൈന ആരംഭിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ തുടര്‍ന്നാണ് ഈ കരാറുകള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ബിജെപി മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, പിയൂഷ് ഗോയല്‍ എന്നിവര്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. ഈ വാര്‍ത്ത സത്യമാണെങ്കില്‍ ദേശീയ സുരക്ഷയെ ബാധിക്കുന്നതാണ്. പാകിസ്താനില്‍ നിന്നുള്ള കള്ളനോട്ടടിയും വര്‍ധിക്കും. ചൈനയുമായി ഏറ്റവും അടുപ്പമുള്ള രാജ്യമാണ് പാകിസ്താന്‍. ഇത് ഇന്ത്യക്കെതിരായി ഉപയോഗിക്കാനാണ് സാധ്യതയെന്നും തരൂര്‍ ആരോപിക്കുന്നു. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, തായ്‌ലന്‍ഡ്, ശ്രീലങ്ക, മലേഷ്യ, ബ്രസീല്‍, പോളണ്ട് എന്നീ രാജ്യങ്ങളുടെയും നോട്ടുകളാണ് ചൈന അച്ചടിക്കാന്‍ പോകുന്നത്. അതേസമയം മോദി സര്‍ക്കാര്‍ ഈ വിഷയത്തിലൂടെ കൈവിട്ട കളിയാണ് കളിക്കുന്നത്. ഇത് വരെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുടെ പ്രിന്റിങ് കേന്ദ്രങ്ങളില്‍ നോട്ട് അച്ചടിക്കുന്നത് കുറഞ്ഞതാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് സൂചനയുണ്ട്. ചൈനയില്‍ ഇപ്പോള്‍ അധികവും മൊബൈല്‍ പേയ്‌മെന്റ് ആണ് നടക്കുന്നത്. അതുകൊണ്ടാണ് നോട്ട് അച്ചടിക്കുന്നത് കുറഞ്ഞത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങള്‍ക്കൊപ്പം വേറെയും രാജ്യങ്ങള്‍ നോട്ടടിക്കാനായി ചൈനയെ സമീപിക്കുമെന്നാണ് സൂചന. ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ള ചൈനയുടെ ശ്രമമമാണ് ഇതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. അതേസമയം ആര്‍ബിഐ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. എല്ലാ ഇന്ത്യന്‍ കറന്‍സികളും ഇന്ത്യയില്‍ തന്നെയാണെന്ന് അച്ചടിക്കുന്നതെന്ന് ആര്‍ബിഐ വക്താവ് അറിയിച്ചു.