കാണാതായ വയോധികദമ്പതികളെക്കുറിച്ച് വിവരമില്ല; തൂങ്ങിമരിച്ച മകന്റെ സംസ്കാരം പിന്നീട്

മാങ്ങാനത്തുനിന്ന്​ കാണാതായ വയോധികദമ്പതികളെക്കുറിച്ച്​ വിവരമില്ല. തിങ്കളാഴ്​ച പുലർച്ചമുതൽ കാണാതായ കെ.എസ്​.ഇ.ബി റിട്ട. അസി. എക്​സിക്യൂട്ടിവ്​ എൻജിനീയർ മാങ്ങാനം പുതുക്കാട്ട് പി.സി. എബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവർക്കായാണ്​ അന്വേഷണം നടക്കുന്നത്​. സംസ്ഥാനത്തെ വിവിധ ധ്യാനകേന്ദ്രങ്ങളിൽ പൊലീസ് അന്വേഷിച്ചെങ്കിലും കൃത്യമായ സൂചനകളൊന്നും ലഭിച്ചില്ല. മാതാപിതാക്കളെ കാണാതായതി​​െൻറ മനോവിഷമത്തിൽ മാങ്ങാനം പുതുക്കാട്ട് ടിൻസി ഇട്ടി എബ്രഹാമിനെ​ (37) വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

ബുധനാഴ്​ച വൈകീട്ട്​ 6.30നാണ്​ സംഭവം. ടിൻസിയുടെ മൃതദേഹം കളത്തിപ്പടി സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ്. പ്രസവശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്ന ടിൻസിയുടെ ഭാര്യ ബിൻസിയെ മരണവിവരം അറിയിച്ചില്ല. എബ്രഹാമും തങ്കമ്മയും ഏതെങ്കിലും ധ്യാനകേന്ദ്രങ്ങളിലുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ്​ പൊലീസ്​ അന്വേഷണം. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടർ കോട്ടയം റെയിൽവേ സ്‌റ്റേഷൻ പാർക്കിങ്​ ഏരിയയിൽനിന്ന്​ പൊലീസ്​ ​ക​ണ്ടെ ത്തിയിരുന്നു. താക്കോലും പാർക്കിങ്​ ഫീസി​ന്റെ രസീതും സ്​കൂട്ടറി​ന്റെ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്നു. ഇരുവരും പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഡിവൈ.എസ്.പി സഖറിയ മാത്യു, സി.ഐ സാജു വർഗീസ്, എസ്.ഐ രഞ്ജിത് കെ. വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഉൗർജിമാക്കി. 

ടിൻസിയുടെ മൃതദേഹം സംസ്‌കരിക്കുന്ന കാര്യത്തിൽ ബന്ധുക്കൾ  തീരുമാനമെടുത്തില്ല. പ്രസവ ശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്നതിനാൽ ടിൻസിയുടെ ഭാര്യയെ മൂന്നുദിവസത്തിനുശേഷമെ മരണവിവരം അറിയിക്കാവൂവെന്ന്​ ഡോക്​ടർമാർ നിർദേശിച്ചിട്ടുണ്ട്​. മാതാപിതാക്കളെ കണ്ടെത്താൻ ടിൻസി പോയിരിക്കുകയാണെന്നാണ് ബിൻസിയെ ധരിപ്പിച്ചത്.  ഇതിനിടെ, മക​ന്റെ മരണവിവരമറിഞ്ഞ്​ എബ്രഹാമും തങ്കമ്മയും മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ്​ ബന്ധുക്കൾ.