ജാതിമത ഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും സാരി ; ഒടുവിൽ കൂട്ടത്തല്ല്

തെലങ്കാന സര്‍ക്കാര്‍ സംഘടിപ്പിച്ച സൗജന്യ സാരിവിതരണം അവസാനിച്ചത് കൂട്ടത്തല്ലില്‍. ജനപ്രീതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സാരി വിതരണം നടത്തിയത്. തെലങ്കാനയുടെ പ്രധാന ആഘോഷങ്ങളിലൊന്നായ ബത്തുകമ്മയോടനുബന്ധിച്ചാണ് വനിതകള്‍ക്ക് സൗജന്യസാരിവിതരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ദസറ ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന ഒമ്പത് ദിവസം നീണ്ട് നില്‍ക്കുന്ന ബത്തുക്കമ്മ ഫെസ്റ്റിവലിന് സാരി ധരിച്ച സ്ത്രീകള്‍ പൂക്കളത്തിന് ചുറ്റും നൃത്തം ചെയ്യുന്നത് ഇവിടുത്തെ ആചാരമാണ്. ഇവിടുത്തെ 500 നിര്‍ധന സ്ത്രീകള്‍ക്കാണ് സാരി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി പകുതിയോളം സാരികള്‍ ഗുജറാത്തില്‍ നിന്നും ബാക്കിയുള്ളവ തെലങ്കാനയിലെ തുണിമില്ലുകളില്‍ നിന്നും കൊണ്ട് വന്നു. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അമ്മ സാരി മാതൃകയില്‍ വിതരണം ചെയ്യാനിരുന്ന പദ്ധതി തുടക്കത്തില്‍ തന്നെ പാളി. ജാതിമത ഭേദമന്യേ പതിനെട്ട് വയസ്സ് തികഞ്ഞ എല്ലാ സ്ത്രീകള്‍ക്കും സാരി നല്‍കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഇതിനായി 222 കോടി രൂപ ചിലവായി. തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി(ടി.ആര്‍.എസ്) പ്രവര്‍ത്തകര്‍ സാരി വിതരണം തുടങ്ങിയപ്പോള്‍ തന്നെ ചിലയിടങ്ങളില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. സ്ത്രീകള്‍ തങ്ങള്‍ക്ക് സാരികിട്ടാത്തതില്‍ പ്രതിഷേധിച്ച് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. വിതരണം ചെയ്ത സാരികള്‍ക്ക് ഗുണമേന്മയില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം സ്ത്രീകള്‍ സര്‍ക്കാരിനെതിരെയും പ്രതിഷേധമുയര്‍ത്തി. ഹൈദരാബാദിലെ സായിബാദില്‍ നടന്ന പരിപാടിക്കിടെ നീണ്ട ക്യൂവില്‍ നിന്ന സ്ത്രീകള്‍ പരസ്പരം പോരടിക്കാനും മുടിയില്‍ പിടിച്ച് വലിക്കാനും തുടങ്ങി. സമീപത്തുണ്ടായിരുന്ന പൊലീസുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളാണ് പരിപാടി അലങ്കോലമാക്കിയതെന്ന് ടി.ആര്‍.എസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. 50 രൂപ പോലും വിലമതിക്കാത്ത സാരിയാണ് തങ്ങള്‍ക്ക് കിട്ടിയതെന്നും സ്വന്തം പേര് നന്നാക്കാന്‍ ശ്രമിക്കാതെ മോശം സാരികള്‍ സമ്മാനിച്ച് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തങ്ങളെ അപമാനിക്കുകയാണെന്ന് ഒരു സ്ത്രി പറയുന്നു. മുഖ്യമന്ത്രിയുടെ പെണ്‍മക്കള്‍ ഈ സാരി ഉടുക്കുമോ….? ഇമ്മാതിരി സാരികള്‍ തരാതെ സമയത്ത് റേഷന്‍ തരാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്… നിലവാരമില്ലാത്ത സാരി കിട്ടിയ മൈസമ്മ എന്ന സ്ത്രീ രോഷത്തോടെ പറഞ്ഞു. കിട്ടിയ സാരികള്‍ കൂട്ടിയിട്ട് കത്തിച്ച് അതിന് ചുറ്റും മുഖ്യമന്ത്രിയെ കളിയാക്കുന്ന പാട്ടുംപാടി നൃത്തം ചെയ്യുന്ന സ്ത്രീകളുടെ വീഡിയോയും വൈറലാവുന്നുണ്ട്.